ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്റർ എയർപോർട്ടിൽ അറസ്റ്റിനിടെ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്ത് ചവിട്ടിയ സംഭവത്തിൽ പ്രതികരിച്ച് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി). സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥനെ പ്രവർത്തന ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) സ്ഥിരീകരിച്ചു. ഇയാളെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടില്ല. സംഭവത്തിൻെറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (IOPC), അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ടേസർ ചെയ്ത ശേഷം കൈകൾ പുറകിൽ കെട്ടിയ നിലയിൽ നിൽക്കുന്ന യുവാവിൻെറ മുഖത്തും തലയിലും പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ചും അറസ്റ്റിനിടെ നടത്തുന്ന ബലപ്രയോഗത്തെ കുറിച്ചും പൊതുജനങ്ങൾക്കിടെ ആശങ്ക പടർന്നിട്ടുണ്ട്. ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ടിൻെറ അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ് സേന ഇപ്പോൾ.

ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഉദ്യോഗസ്ഥർ തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാം. ഒന്നിലധികം ഉദ്യോഗസ്ഥരെ ആക്രമണം നടത്തി ഒരുദ്യോഗസ്ഥൻെറ മൂക്കിന് പരിക്കേറ്റതിനെ പിന്നാലെയാണ് അറസ്റ്റ് ഉണ്ടായതെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെർമിനൽ 2-ൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ആക്രമണം, അടിയന്തര ഉദ്യോഗസ്ഥനെ ആക്രമിക്കൽ, അതിക്രമം, പോലീസിൻെറ ജോലി തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആരോപിച്ച് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.