ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിയും പുതിയ ജീവിതവും തേടി അന്യ നാട്ടിലെത്തി വിധിയുടെ വിളയാട്ടം കൊണ്ട് തൂക്കുകയർ മുന്നിൽകണ്ട് നിമിഷങ്ങൾ എണ്ണി ജീവിക്കുക. നിമിഷ പ്രിയയെന്ന മലയാളി നേഴ്സിന്റെ ദുരിതങ്ങളുടെയും കഷ്ടതകളുടെയും ജീവിതം സമാനതകളില്ലാത്തതാണ് . തൂക്കുകയർ മുന്നിൽകണ്ട് ഓരോ നിമിഷവും തള്ളിനീക്കുന്ന നിമിഷപ്രിയയുടെ ദുരന്ത കഥ വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി വാർത്തയാക്കി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ . വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീംകോടതി തള്ളിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക്! വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ ഇയാൾ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

നവംബർ 13 -ന് യെമനിലെ സുപ്രീംകോടതി ദയാ ഹർജി നിരസിച്ചതോടെയാണ് നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചത്. നിമിഷ പ്രിയയുടെ അമ്മയെയും മകൾ മിഷാലിനെയും യെമനിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സേവ് നിമിഷപ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തിയ അപേക്ഷ മാറിയ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ അധികൃതർ നിരസിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള ശക്തമായ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ നിമിഷ പ്രിയയ്ക്ക് ജീവൻ തിരിച്ചു കിട്ടുകയുള്ളൂ.
Corrected