ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ പുതിയതായി രോഗം പിടിപെട്ട കോവിഡ് കേസുകളിൽ മുക്കാൽഭാഗവും ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദം മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് വെളിപ്പെടുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കുള്ളിൽ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ ആഴ്ച ഇന്ത്യൻ വേരിയന്റ് മൂലമുള്ള കേസുകളുടെ എണ്ണം 3535 ആയത് നിലവിൽ 6959 ആയത് ആശങ്ക ഉളവാക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ കേസുകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.
ഇന്നലെ പുതിയതായി രാജ്യത്ത് 3542 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മൂലം മരണമടഞ്ഞത് 10 പേരാണ്. ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് കേസുകൾ 3000 -ത്തിന് മുകളിൽ എത്തുന്നത്. ഇതിനിടെ തായ്‌ലൻഡിൽ നിന്ന് ഉത്ഭവിച്ച പുതിയ ഒരു വൈറസ് വകഭേദം കൂടി ബ്രിട്ടനിൽ കണ്ടെത്തി. C 36.3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസ് വകഭേദത്തെ കുറിച്ച് കൂടുതൽ പഠിച്ചു വരികയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. തായ് വേരിയന്റ് ബാധിച്ച 109 കേസുകളാണ് രാജ്യത്ത് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
Leave a Reply