തിരുവനന്തപുരം∙ ബിനീഷ് കൊടിയേരിയുടെ ബെനാമി ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കർണാടക പൊലീസും സിആർപിഎഫും സംഘത്തോടൊപ്പമുണ്ട്.

ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം.

ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്റെ ഫർണിച്ചർ ഇലക്ട്രിക് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയേക്കും. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിൽ അബ്ദുൾ ലത്തീഫുമുണ്ട്.

2012–19ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.