പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിക്കല്‍ നടന്നെന്ന നിഗമനത്തില്‍ സി.ബി.ഐ. ഫോറന്‍സിക് തെളിവുകള്‍ വിലയിരുത്തുകയാണ് അന്വേഷണസംഘം. സിദ്ധാര്‍ഥ് മരിച്ചശേഷം ഒരു സംസ്ഥാനതല വിദ്യാര്‍ഥി നേതാവ് ക്യാമ്പസിലുണ്ടായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ തെളിയുന്നത്. ഇതും അന്വേഷണവിധേയമാക്കും.

സിദ്ധാര്‍ഥിന്റേത് കൊലപാതകമാണോ എന്ന സംശയ ദൂരീകരണത്തിനാണ് സി.ബി.ഐ. ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്. രണ്ട് അധ്യാപകര്‍ കേസില്‍ പ്രതികളാകുമെന്നാണ് സൂചന. ഇതിനൊപ്പം സിദ്ധാര്‍ഥിനെതിരേ വ്യാജപരാതി കൊടുത്ത പെണ്‍കുട്ടിയുടെ മൊഴിയും പരിശോധിക്കുന്നുണ്ട്. എല്ലാം സത്യസന്ധമായി ഈ പെണ്‍കുട്ടി സി.ബി.ഐയോട് പറഞ്ഞുവെന്നാണ് സൂചന.

സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശൗചാലയത്തില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. ഫെബ്രുവരി 18-ന് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയവരുടെ മൊഴിയും സി.ബി.ഐ. രേഖപ്പെടുത്തിയിരുന്നു. ഈ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്താണ് അന്വേഷണം. കേസ് കൊച്ചി സി.ബി.ഐ. കോടതിയിലേക്കു മാറ്റാനാണ് നീക്കം. അതിനുശേഷമാവും റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍.

20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. എഫ്.ഐ.ആറില്‍ കൂടുതല്‍ പ്രതികളുണ്ട്. സിദ്ധാര്‍ഥിന്റെ അച്ഛന്‍, കോളജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥിന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.