സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പകർച്ചവ്യാധിയെ സംബന്ധിച്ച് ഭാവിയിൽ ഒരു സ്വന്തന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. എന്നാൽ ഇപ്പോൾ അതിനായി സമയം മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്താണ് സംഭവിച്ചതെന്നറിയാൻ ഭാവിയിൽ ഒരു സ്വതന്ത്ര അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിംഗ് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺസൺ. “ബോറിസ് ജോൺസന് കീഴിൽ ലോകത്തിലെ ഏറ്റവും മോശമായ മരണനിരക്കും യൂറോപ്പിൽ വച്ച് ആരോഗ്യ-പരിപാലന തൊഴിലാളികളുടെ ഏറ്റവും മോശം മരണനിരക്കും നാം അനുഭവിച്ചു. അടിയന്തര സ്വതന്ത്ര അന്വേഷണം നടത്തണമെന്ന എന്റെ ആവശ്യം അദ്ദേഹം മുമ്പ് നിരസിച്ചിരുന്നു. ” ചോദ്യോത്തരവേളയിൽ എഡ് അറിയിച്ചു. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഈ ഘട്ടത്തിൽ ഒരന്വേഷണത്തിന് ഒരുങ്ങുന്നില്ലെന്നാണ് ജോൺസൺ മറുപടി നൽകിയത്.
ഈ ശൈത്യകാലത്ത് രോഗം വീണ്ടും പൊട്ടിപുറപ്പെടുമെന്നും 120,000 മരണങ്ങൾ ഉണ്ടായേക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി ഈ റിപ്പോർട്ട് പഠിച്ചിട്ടുണ്ടോയെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ചോദിച്ചു. ശൈത്യകാലത്തെ രോഗവ്യാപനത്തെ നേരിടാൻ പരിശോധനയും ട്രെയിസിംഗും ഗണ്യമായി വികസിപ്പിക്കേണ്ടതുണ്ട്.” സ്റ്റാർമർ കൂട്ടിച്ചേർത്തു. വാഗ്ദാനം ചെയ്തതുപോലെ സർക്കാരിന്റെ ടെസ്റ്റ് ആൻഡ് ട്രേസ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമ്മുടെ ടെസ്റ്റ്, ട്രേസ് സിസ്റ്റം ലോകത്തിലെ മറ്റേതൊരു സിസ്റ്റത്തേക്കാളും മികച്ചതാണ്. ഈ ശൈത്യകാലത്ത് രണ്ടാമത്തെ തരംഗം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കും.” ജോൺസൺ മറുപടി നൽകി.
സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ലേബർ പാർട്ടി നേതാവ് നിരന്തരം മാറുന്നതായി ജോൺസൺ ആരോപിച്ചു. ഇപ്പോൾ ഒരു പൊതുഅന്വേഷണം നടത്താൻ പ്രധാനമന്ത്രി ഒരുങ്ങണമെന്ന് സഖ്യകക്ഷി ഗ്രൂപ്പിന്റെ അധ്യക്ഷനായ ലെയ്‌ല മൊറാൻ അറിയിച്ചു. “പാഴാക്കാൻ സമയമില്ല. ഈ ശൈത്യകാലത്ത് ഉണ്ടായേക്കാവുന്ന രണ്ടാം ഘട്ട രോഗവ്യാപനത്തിന് മുന്നോടിയായി ഈ പ്രതിസന്ധിയിൽ നിന്ന് പാഠങ്ങൾ പഠിക്കണം.” അവർ കൂട്ടിച്ചേർത്തു.
Leave a Reply