അമേരിക്കയിലെ ഫീനിക്‌സില്‍ കോമയില്‍ കഴിയുന്ന 29കാരി പ്രസവിച്ച സംഭവത്തില്‍ നഴ്‌സ് പിടിയില്‍. അരിസോണയിലെ ഫീനിക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയറില്‍ പത്തു വര്‍ഷത്തിലേറെയായി കോമയില്‍ കഴിയുകയായിരുന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം ആശുപത്രി ജീവനക്കാര്‍ക്ക് മനസിലായിരുന്നില്ല. സംഭവത്തില്‍ 36 കാരനായ നഥാന്‍ സതര്‍ലാന്‍ഡ് എന്ന നഴ്‌സാണ് പിടിയിലായത്. ഇയാള്‍ ഒരു ക്രിസ്ത്യന്‍ റാപ്പ് സംഗീതജ്ഞനാണ്. സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എന്ന പേരിലുള്ള റാപ്പ് ഗ്രൂപ്പില്‍ നെയിറ്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. സര്‍ട്ടിഫൈഡ് ഫെയ്ക്ക് ഫെയ്‌സ് എന്ന പേരില്‍ 2008ല്‍ ഇവര്‍ പുറത്തിറക്കിയ ഗോസ്പല്‍ റാപ്പ് ആല്‍ബം അരിസോണയിലെ മെസയിലുള്ള ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ച് ആയിരുന്നു പ്രമോട്ട് ചെയ്തത്.

ഈ ആല്‍ബം നിര്‍മിച്ച സ്ലീപ്പ്‌ലെസ് സോള്‍ ജാസ് എല്‍എല്‍സി എന്ന കമ്പനിയുടെ മാനേജരായിരുന്നു ഇയാള്‍ എന്നാണ് രേഖകള്‍ പറയുന്നത്. ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു റാപ്പ് ആല്‍ബത്തിന് ഉണ്ടായിരുന്നത്. ഫെയ്ത്ത് സെന്റര്‍ വെസ്റ്റ് ഫാമിലി ചര്‍ച്ചിലും ചെറിയ വേദികളിലും ഇവര്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. നാഥാനെതിരെ നിസഹായയായ സ്ത്രീയെ ബലാല്‍സംഗം ചെയ്തതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെയും ഇയാളുടെയും ഡിഎന്‍എ സാമ്യമുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

ഡിസംബര്‍ 29നാണ് അരിസോണയില്‍ കോമയില്‍ കഴിയുകയായിരുന്ന സ്ത്രീ പ്രസവിച്ചത്. ഹെല്‍ത്ത് കെയറില്‍ ഉണ്ടായിരുന്ന മറ്റൊരു നഴ്‌സാണ് പ്രസവ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കുട്ടിയെ പുറത്തെടുത്തത്. സ്ത്രീയുടെ കുടുംബം തന്നെയാണ് ആണ്‍കുഞ്ഞിനെ പരിചരിക്കുന്നത്. നഥാന്‍ സതര്‍ലാന്‍ഡ്‌നെ ഇപ്പോള്‍ അരിസോണയിലെ മാരികോപ്പ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.