അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ ഒരു ഒന്‍പതു വയസുകാരി പെണ്‍കുട്ടി പ്രണാരക്ഷാര്‍ഥം ഓടുന്ന ചിത്രം. ശരീരമാകെ പൊള്ളലേറ്റ്, നഗ്നയായി ഭയന്നുവിറച്ചുള്ള അവളുടെ ചിത്രം ലോകമന:സാക്ഷിയെ പിടിച്ചുലക്കുന്നതായിരുന്നു. ഒപ്പം വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തോട് വിളിച്ചുപറയുന്നതും. യുദ്ധം അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ അമേരിക്കയെയും ലോകത്തേയും ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിയുകയും ചെയ്തു. ‘നാപാം പെണ്‍കുട്ടി’ എന്ന പേരില്‍ പ്രശസ്തയായ അവരാണ് ഫാന്‍ തി കിം ഫുക്.

യുദ്ധത്തില്‍ മനസിനും ശരീരത്തിനും മുറിവേറ്റ കിം ഫുക് അന്‍പത് വര്‍ഷത്തിനിപ്പുറമാണ് ബോംബ് ആക്രമണത്തിലേറ്റ പൊള്ളലുകള്‍ക്ക് ചികിത്സ പൂര്‍ത്തിയാക്കിയത്. 59-മത്തെ വയസില്‍ തന്റെ അവസാനത്തെ ത്വക്ക് ശസ്ത്രക്രിയക്ക് കിം ഫുക് അമേരിക്കയില്‍ വിധേയയായി. യുദ്ധത്തിനിടയില്‍ 1972-ലാണ് കിം ഫുകിന് പൊള്ളലേല്‍ക്കുന്നത്. ഒരുവര്‍ഷം നീണ്ട ആശുപത്രിവാസത്തിനും 17 ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് കിമ്മിന് ആശുപത്രി വിടാനായത്. സാധാരണജീവിതത്തിലേക്ക് മടങ്ങാനായി അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ ഒട്ടനവധി ചികിത്സകള്‍ക്കും അവര്‍ക്ക് വിധേയയാകേണ്ടി വന്നു. ഒന്‍പതാമത്തെ വയസില്‍ ഗുരുതരമായി പൊള്ളലേറ്റ അവര്‍ നിരവധി ചികിത്സകളിലൂടെയാണ് ഇതിനകം കടന്നുപോയത്.

കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന വിയറ്റ്‌നാമില്‍നിന്ന് 1992-ല്‍ കിമ്മും ഭര്‍ത്താവും കാനഡയിലേക്ക് കൂടിയേറി. 2015-ലാണ് പൊള്ളലിന്റെ പാടുകള്‍ക്ക് വിദഗ്ധ ചികിത്സക്കായി അവര്‍ മിയാമിയിലെ ഡോ. ജില്‍ സയ്‌ബെല്ലിനെ പരിചയപ്പെടുന്നത്. കിമ്മിന്റെ കഥ തിരിച്ചറിഞ്ഞ ഡോക്ടര്‍ ജില്‍ ചികിത്സ തികച്ചും സൗജന്യമായി പൂര്‍ത്തിയാക്കുകയായിരുന്നു. ഒന്‍പതാം വയസില്‍ കിമ്മിന്റെ ചിത്രങ്ങളെടുത്ത് പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടും ചികിത്സാവേളയില്‍ ചിത്രങ്ങള്‍ പകര്‍ത്താനായി ആശുപത്രിയിലെത്തിയിരുന്നു. ഉട്ടിന്റെ ചിത്രങ്ങള്‍ക്ക് ഇത്തവണ നിറപുഞ്ചിരിയോടെ കിം നിന്നുകൊടുത്തു.

യുദ്ധം വേദന നല്‍കിയ ആയിരങ്ങളുടെ പ്രതീകമായിരുന്നു കിം ഫുക്ക്. യുദ്ധത്തിലേറ്റ പൊള്ളലിന്റെ വേദനസഹിച്ച് നീളംകൂടിയ ഉടുപ്പിട്ട് മുറിവ് മറച്ച് അവള്‍ ജീവിച്ചു. കൈ ഉയര്‍ത്താന്‍ പോലുമാകാതെ യുദ്ധത്തിന്റെ രക്തസാക്ഷിയായി. വേദനയില്ലാത്ത കാലം മരണശേഷമായിരിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് അമേരിക്കയിലെ മിയാമിയിലെ ലേസര്‍ ചികിത്സയെകുറിച്ച് കേള്‍ക്കുന്നത്. പിന്നൊട്ടും താമസിക്കാതെ അവിടേക്ക് പറന്നു. ചികിത്സ ആരംഭിച്ച ശേഷം വേദനയെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭൂമിയില്‍ സ്വര്‍ഗ്ഗം കിട്ടിയപോലെയാണെന്ന് കിം പറഞ്ഞിരുന്നു. മുറിവിന് കാരണക്കാരായ അമേരിക്കയില്‍ തന്നെ ശുശ്രൂഷ ലഭിച്ചുവെന്നത് യാദൃശ്ചികമാകാം.

1972 ജൂണ്‍ 8-നാണ് കിമ്മിന്റെ ഗ്രാമത്തില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചത്. അമേരിക്കന്‍ സംഹാര താണ്ഡവത്തില്‍ നാപാം ഗ്രാമത്തിലെ സര്‍വതും അഗ്നിക്കിരയാക്കി. ‘എനിക്ക് പൊള്ളുന്നു’ എന്ന നിലവിളിയോടെ ഗ്രാമവഴിയിലൂടെ രക്ഷതേടി കിം ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന്റെ ക്യാമറക്ക് മുന്നിലേക്കായിരുന്നു. അത് ലോകത്തിന്റെ എക്കാലത്തെയും നൊമ്പരപ്പെടുത്തുന്ന യുദ്ധചിത്രങ്ങളിലൊന്നായി. നിക് ഉട്ടിനെ ലോകപ്രശ്തനാക്കുകയും പുലിറ്റ്സര്‍ സമ്മാനത്തിനര്‍ഹമാക്കുകയും ചെയ്ത ചിത്രവുമായിരുന്നു അത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിം ഫുക്കിന്റെ ആ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞത് ഒരു നിയോഗമായാണ് നിക്ക് ഉട്ട് കരുതുന്നത്. ‘കിം ഫുക്കിന്റെ ഗ്രാമത്തില്‍ യുദ്ധവിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍ അവിടെയുള്ള മരങ്ങള്‍ അടക്കം സര്‍വതും കത്തിയമരുകയായിരുന്നു. ആളിക്കത്തുന്ന വീട്ടില്‍നിന്ന് അലറിക്കരഞ്ഞുകൊണ്ട് അവള്‍ ഓടിയെത്തിയത് എന്റെ ക്യാമറയുടെ മുന്നിലേക്കായിരുന്നു. അത് അടയാളപ്പെടുത്തകയെന്നത് കാലം എനിക്ക് നല്‍കിയ നിയോഗമായിരിക്കാം. പുലിറ്റ്സര്‍ അടക്കം ഒരുപാട് അവാര്‍ഡുകള്‍ നേടി എന്നതിനെക്കാള്‍ ലോകത്തിന്റെ മനസ്സില്‍ പതിഞ്ഞ ചിത്രം എന്ന നിലയില്‍ അതിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം’- നിക്ക് ഉട്ട് ഓരോ വട്ടവും ആവര്‍ത്തിച്ചു.

വടക്കന്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടവും അമേരിക്കന്‍ പിന്‍ബലത്തിലുള്ള തെക്കന്‍ വിയറ്റ്നാമും തമ്മിലുള്ള സംഘര്‍ഷമായിരുന്നു വിയറ്റ്നാം യുദ്ധത്തിലേക്ക് നയിച്ചത്. വിയറ്റ്നാമിന്റെ ആഭ്യന്തര യുദ്ധമെന്നതിലുപരി അമേരിക്ക, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരേ നടത്തിയ ഒരു യുദ്ധമായിരുന്നു ഇത്. 1959 ല്‍ ആരംഭിച്ച് ഇതുപത് വര്‍ഷത്തോളം നീണ്ട വിയറ്റ്നാം യുദ്ധം ഏറ്റവും ചെലവേറിയതും അമേരിക്കന്‍ ജനതയെ തന്നെ രണ്ട് തട്ടിലാക്കുന്നതുമായിരുന്നു. 1975 ഏപ്രില്‍ 30-ന് തെക്കന്‍ വിയറ്റ്നാമിന്റെ തലസ്ഥാനമായ സൈഗോണ്‍ വടക്കന്‍ വിയറ്റ്നാം പടിച്ചടക്കിയതോടെ അമേരിക്കന്‍ തോല്‍വി പൂര്‍ണമായി. അതാണ് ‘സൈഗോണിന്റെ വീഴ്ച’ (ഫാള്‍ ഓഫ് സൈഗോണ്‍) എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായത്.

യുദ്ധത്തില്‍ കമ്യൂണിസ്റ്റ് സഖ്യങ്ങള്‍ ഉത്തര വിയറ്റ്നാമിനേയും അമേരിക്ക ദക്ഷിണ വിയറ്റ്നാമിനേയും പിന്തുണച്ചു. 1965 മുതല്‍ സൈന്യത്തിന്റെ വിന്യാസത്തോടെ ഒരു പൂര്‍ണ്ണ യുദ്ധമായി മാറി. 1973-ഓടെ ഭൂരിഭാഗം അമേരിക്കന്‍ സൈന്യം യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങുകയും 1975-ല്‍ വടക്കന്‍ വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിലെ അധികാരം പിടിച്ചടക്കുകയും ചെയ്തു. അധികം വൈകാതെതന്നെ ഉത്തരദക്ഷിണ വിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെട്ടു. വിയറ്റ്നാം യുദ്ധം കനത്ത സാമ്പത്തിക നഷ്ടം മാത്രമല്ല അമേരിക്കക്ക് സമ്മാനിച്ചത്. 58,000 അമേരിക്കക്കാരുടെ ജീവന്‍ കൂടിയാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. ഒപ്പം ലോക വേദിയില്‍ അമേരിക്കക്ക് ഏറ്റ കനത്ത പ്രഹരം കൂടിയായിരുന്നു അത്.