പലരും കുടുംബസമേതം ഇപ്പോള്‍ കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകാന്‍ മടിക്കുകയാണ്. പ്രണയസല്ലാപങ്ങള്‍ക്കായി സ്വകാര്യയിടങ്ങള്‍ തേടുന്ന കമിതാക്കളാണ് ഇവര്‍ വിരിച്ച വലയില്‍ കുടുങ്ങുന്നത്. തലശേരി നഗരസഭയിലെ ഉദ്യാനങ്ങള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന അഞ്ചുപേര്‍ പിടിയിലായതോടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച രഹസ്യക്യാമറകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തലശേരി ഓവര്‍ബറീസ് ഫോളിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് അറസ്റ്റിലായത്.

പാര്‍ക്കുകളിലെ തണല്‍മരങ്ങളുടെ പൊത്തുകള്‍, കോട്ടയിലെയും കടല്‍തീരങ്ങളിലെയും കല്‍ദ്വാരങ്ങള്‍ എന്നിവടങ്ങളിലാണ് രഹസ്യ ഒളിക്യാമറകളും മൊബൈല്‍ ക്യാമറകളും ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരം സ്ഥലങ്ങള്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിരാവിലെയെത്തി ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചു പോകുന്ന സംഘം പിന്നീട് നേരം ഇരുട്ടിയാല്‍ ഇതുവന്നെടുത്ത് ദൃശ്യങ്ങള്‍ ശേഖരിക്കാറാണ് പതിവ്. കമിതാക്കളുടെയും ദമ്പതിമാരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ശേഖരിക്കുന്ന ഇവര്‍ പിന്നീടത് പണമുണ്ടാക്കാനുള്ള മാര്‍ഗമായി മാറ്റുകയാണ് ചെയ്യുന്നത്. തങ്ങളുടെ ക്യാമറക്കെണിയില്‍ കുടുങ്ങിയവരെ പിന്നീട് ഇവര്‍ ഫോണ്‍വഴി ബന്ധപ്പെടുകയും സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെടുകയുമാണ് പതിവ്. ഈ ബ്ലാക്ക് മെയിലിങ് സംഘത്തിന്റെ കെണിയില്‍ നിരവധിയാളുകള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ചോദിച്ച പണം നല്‍കി മാനം രക്ഷിച്ചവരാണ് കൂടുതല്‍. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍,പ്രവാസികള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ക്യാമറക്കെണിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

എന്നാല്‍ പണം നല്‍കാന്‍ തയ്യാറല്ലാത്തവരുടെ ദൃശ്യങ്ങള്‍ മാസങ്ങളുടെ വിലപേശലിനു ശേഷം സോഷ്യല്‍ മീഡിയിയിലൂടെ പ്രചരിപ്പിച്ചു മാനം കെടുത്തുകയാണ് ഇവരുടെ ശൈലി. ഇതുചൂണ്ടിക്കാട്ടിയാണ് പിന്നീട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. തലശേരി സെന്‍റിനറി പാര്‍ക്കിലെത്തിയ കമിതാക്കളുടെ ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് ഇവർക്കായി അന്വേഷണമാരംഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് കുറ്റവാളികളെ കണ്ടെത്തിയത്. അശ്ലീല സൈറ്റുകളിലും ദൃശ്യം അപ്ലോഡ് ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. തലശേരി കോട്ട, സീവ്യുപാര്‍ക്ക് എന്നിവിടങ്ങളില്‍നിന്നടക്കം ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആളൊഴിഞ്ഞ കമിതാക്കള്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രത്യേക ഇടങ്ങളിലാണ് ഇവര്‍ ഒളിക്യാമറ സ്ഥാപിക്കുന്നത്. ഉദ്യാനങ്ങളില്‍ പകല്‍ എത്തുന്നവരിലേറെയും വിദ്യാര്‍ഥികളാണ്.വീട്ടിലറിയാതെ ക്ലാസ് കട്ടുചെയ്തു ഇവിടങ്ങളിലെത്തുന്ന ഇവര്‍ തന്നെയാണ് ഒളിക്യാമറക്കാരുടെ പ്രധാന ഇരകളും. തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് വിദ്യാർത്ഥികളിൽ നിന്നും പണം പിടുങ്ങുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തലശേരിയിലെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത് ആരാണെന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. ഒളിക്യാമറ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരുടെ അക്കൗണ്ടുനോക്കി സൈബര്‍ പോലീസ് പ്രതികളെ വലയില്‍ വീഴ്ത്തുകയായിരുന്നു. നേരത്തെ മൂന്നുപേരെയും കഴിഞ്ഞ ദിവസം രണ്ടുപേരെയും അറസ്റ്റു ചെയ്തു. കാര്‍പ്പെന്‍ററായി ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ പന്ന്യന്നൂരിലെ വിജേഷ് (30), സ്വകാര്യ ബസ് കണ്ടക്ടര്‍ മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരാണ് ഏറ്റവും ഒടുവില്‍ പിടിയിലാകുന്നത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള 119 എ,356 സി,66 ഇ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.