പത്തനംതിട്ട, സേലം: പത്തനംതിട്ട കൃഷ്ണാ ജ്വല്ലറിയിൽ  നടന്ന മോഷണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ്. മോഷണക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. അഞ്ച് പ്രതികളെ സേലം പൊലീസ് പിടികൂടി പത്തനംതിട്ട പൊലീസിന് കൈമാറുകയായിരുന്നു. മോഷ്ടിച്ച  സ്വർണ്ണവും പണവും വീണ്ടെടുത്തു.

സേലത്തിന് സമീപം കൊണ്ടലാംപട്ടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷണ സംഘം പിടിയിലായത്. സ്കോർപിയോയിൽ വന്ന സംഘത്തിലെ 4 പേരെ പിടികൂടിയപ്പോൾ പണവും സ്വർണ്ണവുമായി അഞ്ചാമൻ പൊലീസിനെ വെട്ടിച്ച് ഓടി. രക്ഷപ്പെട്ട നിധിൻ ജാദവിനെ പിന്നീട് നാട്ടുകാർ കണ്ടെത്തി സേലം പൊലീസിനെ ഏൽപ്പിച്ചു.

ഇയാളിൽ നിന്ന് 4 കിലോയോളം സ്വർണ്ണവും 13 ലക്ഷം രൂപയും വീണ്ടെടുത്തിട്ടുണ്ട്.  മഹാരാഷ്ട്ര സ്വദേശികളായ ദാദ സാഹിബ്, പ്രഭാകർ ഗെയ്‍ക്‍വാദ്, ആകാശ് കർത്താ, പ്രശാന്ത് യാദവ്, ഗണപതി, വിശ്വാസ് യാദവ്  എന്നിവരാണ് പിടിയിലായത്. തിരുപ്പൂരിലേക്ക് കടക്കാനായിരുന്നു സംഘത്തിന്‍റെ ശ്രമം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിധിൻ ജാദവ് പത്തനംതിട്ടയിലും മഹാരാഷ്ട്രയിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജ്വല്ലറി ഉടമ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളുമായി മോഷണത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ക്വട്ടേഷൻ സാധ്യത പൊലീസ് തള്ളുന്നില്ല.

കവർച്ചാ സംഘത്തിലെ പ്രധാനിയും ജ്വല്ലറി ജീവനക്കാരനുമായ അക്ഷയ് പട്ടേലിനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാഴ്ച മുൻപ് ജ്വല്ലറിയിൽ ജോലിക്ക് കയറിയ അക്ഷയ് പട്ടേലിന്‍റെ നേതൃത്വത്തിലാണ് മോഷണം ആസൂത്രണം ചെയ്തത്. തന്നെയും തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് വരുത്തി തീർക്കാൻ ഇയാളും വാഹനത്തിൽ കയറി. കോഴഞ്ചേരിക്ക് സമീപം തെക്കേമലയിൽ വച്ച് അക്ഷയ് പട്ടേലിനെ വിട്ടയച്ചു.

തന്നെ ആക്രമിച്ചുവെന്ന് ഇയാൾ കടയുടമയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. സ്റ്റേഷനിലെത്തിയ അക്ഷയ് പട്ടേലിനെ  ചോദ്യം ചെയ്തതോടെ മോഷണത്തിന്‍റെ ചുരുളഴിഞ്ഞു. മോഷണം നടന്ന് 14 മണിക്കൂർ പൂർത്തിയാകും മുൻപേ തമിഴ്‍നാട് പൊലീസിന്‍റെ സഹായത്തോടെ മുഴുവൻ പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് പൊലീസിനും നേട്ടമായി.