ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ ബ്രിട്ടനെ രക്ഷിക്കാനും തന്റെ നേതൃസ്ഥാനം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ പാഴായി ലിസ് ട്രസ് പടിയിറങ്ങി. ഇനി ആര് എന്നുള്ള പ്രധാന ചോദ്യമാണ് അവശേഷിക്കുന്നത്.
ഋഷി സുനക്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിസിനോട് പരാജയപ്പെട്ടെങ്കിലും ഇനിയൊരു തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ചാലും ആദ്യം ഉയർന്നു കേൾക്കുന്ന പേര് ഋഷി സുനക് എന്ന ഇന്ത്യൻ വംശജന്റേതാണ്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഋഷി പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ഋഷി സുനക്കിന്റെ കാഴ്ചപ്പാട് ശരിയായിരുന്നു എന്ന് ബ്രിട്ടൺ ജനത സമ്മതിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞതു പോലെ നികുതി വെട്ടിക്കുറച്ച നയങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടി വന്നു. ലിസിനു ശേഷം നേതൃ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന ആദ്യ പേരുകളിലൊന്ന് ഋഷി സുനക്കിന്റേതാണ്.
പെന്നി മോർഡണ്ട്
ലിസ് ട്രസിന്റെ പിൻഗാമിയായി ഹൗസ് ഓഫ് കോമൺസ് നേതാവായ പെന്നി മോർഡണ്ടിന്റെ പേരും പുറത്തുവരുന്നുണ്ട്. മുൻ പ്രതിരോധ, വ്യാപാര മന്ത്രിസ്ഥാനം വഹിച്ച ശക്തമായ ജനപ്രീതിയുള്ള വ്യക്തി കൂടിയാണ് പെന്നി. എന്നാൽ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ പെന്നി ചില എതിർപ്പുകൾ നേരിടുന്ന സാഹചര്യവും നിലനിൽക്കുന്നു. സമീപകാല സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തെ പാർലമെന്റിൽ നേരിട്ടതിനു ശേഷം ചില എതിർപ്പുകൾ പെന്നിക്കെതിരെ ഉയർന്നിരുന്നു.
ബോറിസ് ജോൺസൺ
പാർട്ടിക്കുളിൽ തന്നെ പല ചേരിതിരിവുകൾ ഉടലെടുത്ത സാഹചര്യത്തിൽ നേതൃസ്ഥാനത്തേയ്ക്ക് വീണ്ടും ബോറിസ് ജോൺസണിന്റെ പേര് നിർദ്ദേശിക്കുന്നവരും കുറവല്ല. ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിന്റെ സൂചനകൾ അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. ജനങ്ങൾക്കിടയിലൊരു വിഭാഗം ഇപ്പോഴും അദ്ദേഹത്തെ നേതാവായി കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അടുത്തിടെ നടന്ന ഒരു സർവേയിൽ മൂന്നിൽ രണ്ടു പേരും അദ്ദേഹത്തെ പ്രതികൂലിച്ചു എന്നതും ശ്രദ്ധേയമാണ്.
ബെൻ വാലസ്
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമാണ് വാലസ് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നത്. ആയുധങ്ങൾ നൽകി കൈവിനെ പിന്തുണയ്ക്കാൻ യുകെ നേരത്തെ തീരുമാനിച്ചിരുന്നു. ബ്രെക്‌സിറ്റിനെ എതിർത്തിട്ടും, വാലസ് ബോറിസ് ജോൺസന്റെ പ്രധാന പിന്തുണക്കാരനാണ്. കൂടാതെ 2019-ൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചു. ജോൺസൺ ഇറങ്ങിയതിന് ശേഷം, വാലസിന് മത്സരിക്കണമെന്ന നിർദ്ദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ലിസിനെ പിന്തുണച്ചു.
കെമി ബാഡെനോക്ക്
നേതൃമത്സരത്തിലെ അപ്രതീക്ഷിത മുന്നേറ്റ സ്ഥാനാർത്ഥിയായിരുന്നു കെമി. വിജയിച്ചില്ലെങ്കിലും, മത്സരത്തിലൂടെ കൂടുതൽ പ്രശസ്തി നേടാനായി. താരതമ്യേന ജൂനിയർ മന്ത്രിയാണെങ്കിലും, മുതിർന്ന കൺസർവേറ്റീവ് മൈക്കൽ ഗോവിന്റെ പിന്തുണ നേടാനായി. അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രിയായിരുന്നു.
സുവല്ല ബ്രാവർമാൻ
സുവല്ലയുടെ രാജിയാണ് ട്രസിന് മേൽ സമ്മർദം ചെലുത്തിയ പ്രധാന ഘടകം. ബോറിസ് ജോൺസന്റെ സർക്കാരിൽ അറ്റോർണി ജനറലായിരുന്ന ബ്രെക്‌സിറ്റ് അനുകൂലിയാണ് സുവല്ല. പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യത കല്പിക്കപ്പെടുന്ന ഒരാളായി സുവല്ലയുടെ പേരും ഉയർന്നുകേൾക്കുന്നു.
Leave a Reply