ലണ്ടന്‍: വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ടു പേരും രണ്ടാമത് ബ്രെക്സിറ്റ് ഹിതപരിശോധന ആവശ്യമാണെന്ന് കരുതുന്നവരാണെന്ന് സര്‍വേ. നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ബ്രെക്സിറ്റ് നിബന്ധനകളിലാണ് വിദ്യാര്‍ത്ഥികള്‍ രണ്ടാം ഹിതപരിശോധന ആവശ്യപ്പെടുന്നത്. ബ്രെക്സിറ്റ് നിബന്ധനകള്‍ക്കായി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തണമെന്ന ആവശ്യം ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നുണ്ട്.
രണ്ടു വര്‍ഷത്തെ സമയത്തിനുള്ളില്‍ ഇത് നടപ്പാക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. 2685 വിദ്യാര്‍ത്ഥികളോടാണ് എന്‍യുഎസ് ഇക്കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചത്. 16 മുതല്‍ 24 വയസ് വരെ പ്രായമുള്ള ഇവരില്‍ 63 ശതമാനം പേരും ജനാഭിപ്രായം രൂപീകരിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. രണ്ടാം ഹിതപരിശോധന എന്നതാണ് ഇവര്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗം. യൂറോപ്യന്‍ യൂണിയനില്‍ തുടരന്നതിനെ അനുകൂലിച്ചായിരുന്നു യുവാക്കളില്‍ അധികം പേരും വോട്ട് ചെയ്തത്.

വിദേശത്തു നിന്നെത്തു വിദ്യാര്‍ത്ഥികള്‍ക്കായി നാല് പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദേശവും എന്‍യുഎസ് നല്‍കുന്നു. കുടിയേറ്റനയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്നും യൂറോപ്യന്‍ പൗരന്‍മാരുടെ പദവിയില്‍ വ്യക്തത വരുത്തണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ വലിയൊരു ഭൂരിപക്ഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.