നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിൽ സന്തോഷിക്കുവാനും, വിലപ്പെട്ട ജീവിതം വിലകൊടുത്തു ശരിയായ അർത്ഥത്തിൽ ജീവിക്കുവാനും ഒപ്പം നിങ്ങളുടെ ക്രിസ്തീയ ജീവിതം സത്യസന്ധമാണെന്നു ലോകത്തെ കൊണ്ട് പറയിപ്പിക്കണം എന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള സഭാതലവനും പിതാവുമായ മോറോൻ മോർ ക്ളീമ്മീസ്‌ കാതോലിക്കാ ബാവായുടെ പിതൃതുല്യ സ്നേഹോപദേശത്തോടെ മലങ്കര കൺവെൻഷൻ സമാപിച്ചു.

വെള്ളിയാഴ്ച്ച നാലുമണിക്ക് അത്യുന്നത കർദ്ദിനാൾ മോറോൻ മോർ ബസേലിയോസ് ക്ളീമ്മീസ് കാതോലിക്കാ ബാവ പേപ്പൽ പതാകയും യുകെയുടെ സ്‌പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ കാതോലിക്കേറ്റ് പതാകയും ഉയർത്തി സിറിൽ ബസ്സേലിയോസ് കാതോലിക്കോസ് നഗറിൽ ആരംഭിച്ച ത്രിദിന റെസിഡൻഷ്യൽ കൺവെൻഷൻ ഇന്നലെ നാലുമണിക്ക് സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു നടത്തിയായ സന്ധ്യാ പ്രാർത്ഥനയും ക്യാമ്പ് ഫയറും കുടുംബാഗങ്ങളുടെ ഒത്തുചേരലിന്റെ പ്രതീതി ജനിപ്പിച്ചു.

ശനിയാഴ്ച രാവിലെ പ്രഭാത പ്രാത്ഥനക്ക് ശേഷം വിശ്വാസ പ്രഘോഷണ റാലി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിനാൽ മുണ്ടൻ മലയിൽ തെളിയിക്കപ്പെട്ട ദീപം കെടാതെ സൂക്ഷിക്കും എന്ന് ഉച്ചത്തിൽ പ്രഘോഷിച്ചുകൊണ്ട് മലങ്കര കാത്തലിക് യൂത്ത് മൂവ് മെന്റിന്റെ യുവാക്കളും യുവതികളും റാലിയിൽ അണിനിരന്നു. ശേഷം നടത്തിയ ഉത്‌ഘാടന സമ്മേളനത്തിൽ ബിർമിങ്ഹാം രൂപതയുടെ മോൺസിഞ്ഞോർ കാനൻ ഡാനിയേൽ മാക്ഹ്യുഗ് പ്രത്യേക ക്ഷണിതാവായിരുന്നു. മോറോൻ മോർ ക്ളീമ്മീസ്‌ കാതോലിക്കാ ബാവാ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ അയർലന്റിലെ സ്‌പെഷ്യൽ പാസ്റ്റർ ആൻഡ് കോർഡിനേറ്റർ ബഹു. ഫാ. ചെറിയാൻ താഴമൺ, നാഷണൽ കൗൺസിൽ അംഗം ശ്രീമതി വിഭ ജോൺസൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. റവ.ഡോ. കുര്യാക്കോസ് തടത്തിൽ സ്വാഗതവും നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ റെജി മാണിക്കുളം കൃതഞ്ജതയും പ്രകാശിപ്പിച്ചു. തുടർന്ന്, സണ്ടെസ്കൂൾ, എം സി വൈ എം, മാതൃ വേദി, സുവിശേഷ സംഘം, നാഷണൽ കൗൺസിൽ മുതലായവയുടെ 2021 -23 കാലയളവിലെ പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിച്ചു. ശേഷം വിവിധങ്ങളായ ക്‌ളാസ്സുകളും സെമിനാറുകളും നടത്തപ്പെട്ടു.

സർവ്വത്രീക സഭയിലെ അംഗങ്ങളായ മലങ്കര സമൂഹം വ്യക്തിത്വത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു പൈതൃകം കാത്ത് സംരക്ഷിക്കണമെന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശവും വിശ്വാസ പ്രമാണവും മുൻ നിർത്തി കൊണ്ട് വെരി റവ. ഫാ. ചെറിയാൻ താഴമൺ എടുത്ത ക്ലാസ്സ് സഭാപരമായ അറിവിന്റെ മറ്റൊരുതലത്തിലേക്ക് വിശ്വാസികളെ നയിച്ചു. സൺഡേ സ്കൂൾ ക്‌ളാസ്സുകൾ ശ്രീ ജോബി വർഗീസും എം സി വൈ എം ക്‌ളാസ്സുകൾ ശ്രീ ജിത്തു ദേവസ്യായും നയിച്ചു. തുടർന്ന് നടന്ന ബൈബിൾ ക്വിസിൽ വെസ്റ്റ് ലണ്ടൻ മിഷൻ ഒന്നാം സ്ഥാനവും ബ്രിസ്റ്റോൾ മിഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സന്ധ്യാ പ്രാർത്ഥനക്ക് ശേഷം വിവിധമിഷനുകളിൽ നിന്നുള്ള കൾച്ചറൽ പ്രോഗ്രാമുകളും നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നാം ദിവസം പ്രഭാത പ്രാത്ഥനക്കു ശേഷം മലങ്കര സഭ പിന്തുടരുന്ന അന്ത്യോക്യൻ ആരാധനാരീതി പുതുതലമുറക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് റവ.ഡോ. കുര്യാക്കോസ് തടത്തിൽ ഇംഗ്ലീഷിൽ ക്ലാസ്സ് എടുത്തു. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ കുർബ്ബാന മോറോൻ മോർ ബസ്സേലിയോസ് ക്ളീമ്മീസ് കതോലിക്കാ ബാവയുടെ പ്രധാന കാർമീകത്വത്തിൽ നടത്തി. ഭൗതീകമായ എന്ത് സൗഭാഗ്യങ്ങളെക്കാളും നമുക്ക് സന്തോഷിക്കാൻ വക നൽകുന്നത് നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടതിലാണ് എന്നും അതിനായിട്ടാണ് നാമോരുത്തരും പരിശ്രമിക്കേണ്ടത് എന്നും വിശുദ്ധ കുർബാന മദ്ധ്യേ കാതോലിക്കാ ബാവ പ്രസംഗിച്ചു.

തന്റെ മേൽപ്പട്ട പദവിയിലെ ഏറ്റവും മഹനീയമായ കാര്യം മലങ്കര സഭയിൽ സുവിശേഷ സംഘം രൂപീകരിച്ചു എന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് പരിശീലനം പൂർത്തിയാക്കിയവർക്കായി കൈവെപ്പു ശുശ്രൂഷ ആരംഭിച്ചത് . യാക്കോബ് ശ്ലീഹ പഠിപ്പിച്ച ആരാധനാ രീതിയിൽ നിന്നുകൊണ്ട് ഏല്പിക്കപെട്ട ദൗത്യം ഏറ്റം ഉത്തരവാദിത്വത്തോടെ സ്വഭവനങ്ങളിൽ ആരംഭിച്ചു, പരിശുദ്ധ പൈതൃകത്തിന്റെ മർമ്മം ഉൾക്കൊണ്ട് കർത്താവിനെ ലോകത്തിനു പരിചയപ്പെടുത്തി സുവിശേഷവൽക്കരണം നടത്തുവാനും സുവിശേഷകരെ ഓർമ്മിപ്പിച്ചു. നിങ്ങളുടെ ജീവിതം കണ്ടുകൊണ്ടു “ക്രിസ്തീയ ജീവിതം സത്യസന്ധമാണ്” എന്ന് ലോകം പറയണം എന്നും “വിലപ്പെട്ട നിങ്ങളുടെ ജീവിതം വിലകൊടുത്തു ശരിയായ അർത്ഥത്തിൽ ജീവിക്കണമെന്നും” പ്രത്യേകം പറഞ്ഞുകൊണ്ടാണ് കൈവെപ്പു ശുശ്രൂഷ പൂർത്തിയാക്കിയത്.

സഭയിൽ നിന്നും വാങ്ങിപോയ പിതാക്കന്മാരെയും വൈദീകരെയും കഴിഞ്ഞ കാലയളവിൽ യുകെ സഭയിൽ നിന്നും സ്വർഗ്ഗ സന്നിധിയിൽ ചേർക്കപെട്ടവർക്കായും പ്രത്യേക പ്രാത്ഥനകൾ നടത്തി. മൂന്നു കുട്ടികൾ ആദ്യ കുർബാന സ്വീകരണം നടത്തി. വിശുദ്ധ കുർബാനയിൽ റവ.ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഫാ. ചെറിയാൻ താഴമൺ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻ വീട്ടിൽ, റവ. ഫാ. ജിജി പുത്തൻവീട്ടിൽ കളം , റവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ, റവ. ഫാ. ലൂക്കോസ് കണ്ണിമേൽ, റവ. ഫാ.ഡാനിയേൽ പ്ലാവിളയിൽ, റവ. ഫാ. കുര്യാക്കോസ് തിരുവാലിൽ, റവ. ഫാ. ജിബു മാത്യു എന്നിവർ സഹ കാർമ്മീകർ ആയിരുന്നു.

തുടർന്ന് നടത്തിയ സമാപന സമ്മേളനത്തിൽ വിവിധ തലങ്ങളിൽപെട്ടവരെ ആദരിക്കുകയും സമ്മാനങ്ങളും സെർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. എട്ടാമത് നാഷണൽ കൺവെൻഷന്റെ സുവനീർ അഭിവന്ദ്യ കതോലിക്കാ ബാവ പ്രകാശനം ചെയ്തുകൊണ്ട് റവ. ഫാ. ജിജി പുത്തൻവീട്ടിൽ കളത്തിനു കൈമാറി. ആത്മാവിന്റെ കൃപയിൽ സഭയെ നയിക്കുവാൻ നിങ്ങൾ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് സഭാമക്കളോടു അദ്ദേഹം അഭ്യർത്ഥിച്ചു. നാഷണൽ സെക്രട്ടറി ശ്രീ ഷാജി കൂത്തിനേത്ത് കൃതജ്ഞത പ്രസംഗത്തോടെ മൂന്നുദിവസം നീണ്ടുനിന്ന കൺവെൻഷന് സമാപനം കുറിച്ചു