ബോണ്‍മൗത്ത്(യുകെ): യുകെ മലയാളി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ മ്യൂസിക്കല്‍ ഈവന്റ് ‘നീലാംബരി – 2023’ ഈ മാസം 30 -ന് നടക്കും. ഫേണ്‍ഡൗണിലെ ബാരിംഗ്ടണ്‍ തീയറ്ററില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഈ സംഗീത-നൃത്ത- നടന വിസ്മയത്തില്‍ യുകെയിലെ വിവിധ മേഖലകളില്‍നിന്നുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കും. വിവിധ ഘട്ടങ്ങളിലായി നടത്തിയ സ്‌ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട 50 -തിലധികം പുതുമുഖ ഗായകര്‍ക്കൊപ്പം സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകരും നീലാംബരി വേദിയുടെ മാറ്റുകൂട്ടാന്‍ പങ്കെടുക്കുന്നുണ്ട്. ഇതിനൊപ്പം, മെയ്‌വഴക്കത്തിന്റെ പകിട്ടാര്‍ന്ന പ്രകടനങ്ങളുമായി പ്രശസ്ത നര്‍ത്തകരും ത്രില്ലിംഗ് സ്‌കിറ്റുമായി മികച്ച അഭിനേതാക്കളും അരങ്ങിലെത്തും.

കാലയവനികയ്ക്കുളളില്‍ മറഞ്ഞ, മലയാളചലച്ചിത്ര പിന്നണിഗാനരംഗത്തെ പ്രതിഭകളെ അനുസ്മരിക്കുന്ന ചടങ്ങോടെയാകും നീലാംബരി ആരംഭിക്കുക. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലെ പ്രതിഭാധനര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഗായകര്‍ ആലപിക്കും. എല്ലാത്തരം സംഗീതാസ്വാദകരെയും തൃപ്തിപ്പെടുന്ന വിധത്തിലാണ് നീലാംബരി സീസണ്‍ 3 ക്രമീകരിച്ചിരിക്കുന്നതെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ അറിയിച്ചു. 2021 ല്‍ ഗീരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ മനോജ് ആരംഭിച്ച സംഗീത വിരുന്നിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നീലാംബരിയെന്ന പേരില്‍ പരിപാടി തുടരാന്‍ സംഘാടകര്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന നീലാംബരി സീസണ്‍ 2വും ജനപങ്കാളിത്തംകൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


നീലാംബരി സീസണ്‍ 3 യില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സംവിധാനങ്ങളും ഭക്ഷണവിതരണക്രമീകരണങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ബാരിംഗ്ടണ്‍ തീയറ്ററില്‍ മികവുറ്റ ശബ്ദ-വെളിച്ച സന്നാഹങ്ങളോടെയാകും നീലാബരി അരങ്ങിലെത്തുകയെന്നും സംഘാടകര്‍ അറിയിച്ചു.