ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്നാനായ സഭാ കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനു സംരക്ഷണ വലയമൊരുക്കി യുകെയിലെ ക്നാനായ വിശ്വാസികൾ. മാഞ്ചസ്റ്ററിൽ വച്ച് നടന്ന വാഴ്‌വ് 2023 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പിതാവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് കൂകിവിളിക്കുകയായിരുന്നു. എന്നാൽ തത്സമയം തന്നെ അവിടെ ഉണ്ടായിരുന്ന സഭാ മക്കൾ പിതാവിനെ ചേർത്ത് നിർത്തി, പിന്തുണയും സംരക്ഷണവും നൽകി. യുകെസിസി മുൻ ജോയിന്റ് ട്രെഷറർ ജോസ്‌ പരപ്പനാട്ടിന്റെ നേതൃത്വത്തിലാണ് പിതാവിന് സംരക്ഷണ വലയം ഒരുക്കിയത്. 2500ൽ പരം ആളുകൾ പങ്കെടുത്ത മഹാസംഗമത്തിൽ ദാരുണമായ സംഭവമാണ് ഒരു വിഭാഗത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്.

മൂലക്കാടന്‍ പിതാവേ ഞങ്ങളുടെ സ്വന്തം പിതാവേ എന്ന് ആവേശത്തോടെ ആര്‍പ്പ് വിളിച്ച് പിതാവിനെ സ്വീകരിക്കുന്ന വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഭിവന്ദ്യ പിതാവിന്റെ പദവിപോലും കണക്കിലാക്കാതെ യുവാക്കൾ പോലും പരസ്യമായി അധിക്ഷേപിച്ചു. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകൾ ഒരുമിച്ച് കൂടിയത്. പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത  ആളുകളാണ് പ്രതിഷേധത്തിന് പുറകിൽ എന്നാണ് പുറത്ത് വരുന്ന വിവരം. യുകെസിസി നേതൃത്വത്തിലുള്ള പലരും സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്നാനായ സമുദായഗംങ്ങൾക്ക് അസംതൃപ്തിയുണ്ട്. കുറേക്കാലമായിട്ട് യു കെ സി സി നേതൃത്വത്തിലുള്ള ചിലരുടെ പ്രവർത്തനങ്ങൾ സഭയ്ക്ക് അതീതമായിരുന്നു എന്ന പരാതിയും ഉണ്ട് . സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും വീടിനു മുകളിൽ ചാഞ്ഞാൽ വെട്ടി മാറ്റണമെന്നാണ് പഴമക്കാരുടെ ഉപദേശമെന്നാണ് നിലവിലുള്ള യുകെസിസി നേതൃത്വത്തിലുള്ള ചിലരെ കുറിച്ച് സഭാ മക്കളുടെ അഭിപ്രായം.

ഈ സംഭവം ആഗോള ക്രൈസ്തവ സഭയ്ക്ക് നാണക്കേട് ഉണ്ടാക്കി എന്നതിൽ തെല്ലും സംശയമില്ല. പുറത്തു വന്ന ദൃശ്യങ്ങൾ അനുസരിച്ച് മൂലക്കാട്ട് തിരുമേനിയെ സഭ്യമല്ലാത്ത ഭാഷയിൽ ആളുകൾ വിളിച്ചു കൂകുന്നത് കാണാം. സീറോ മലബാർ സഭയുടെ കീഴിൽ പലവിധ ക്രമീകരണങ്ങളുടെ ഭാഗമായി ഒരുമിച്ച് ഒരുമനസോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രതിഷേധം. നിലവിൽ ക്നാനായ സഭയ്ക്ക് 15 മിഷനുകളാണ് യുകെയിൽ ഉള്ളത്. പരിമിതികളിൽ നിന്നുകൊണ്ട് അനുഗ്രഹീതമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധം. അപ്രതീക്ഷിതമായി ഉയർന്നു വന്ന പ്രതിഷേധത്തിനെതിരെ ജോസ്‌ പരപ്പനാട്ടിന്റെയും സംഘത്തിന്റയും നേതൃത്വത്തിൽ സമയോചിതമായി ഇടപെടുകയായിരുന്നു. സഭയെയും സമൂഹത്തെയും സ്നേഹിക്കുന്ന വിശ്വാസി സമൂഹത്തിന് ഈ പ്രതിഷേധം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുകെസിസിയുടെ മുൻ നിര നേതാക്കളായ ബെന്നി മാവേലി, ജോസ്‌ പരപ്പനാട്ട്, ജിൻസ് നന്തികാട്ട്, സക്കറിയ പുത്തൻ കുളം എന്നിവർ ചൂണ്ടിക്കാട്ടി.

 

ബെന്നി മാവേലി യുകെസിസി പ്രസിഡന്റായിരുന്ന സമയത്താണ് യുകെസിസിയ്ക്ക് സ്വന്തമായിട്ട് ആസ്ഥാനമന്ദിരം ഉണ്ടായത് . ഇതിനായി ബെന്നി മാവേലി 50000 പൗണ്ടോളം സ്വന്തം കൈയ്യിൽ നിന്ന് സംഭവനയായി നൽകിയിരുന്നു. അഭിവന്ദ്യ പിതാവിനെ അവഹേളിച്ചതിൽ കടുത്ത അതൃപ്തിയിലാണ് ക്നാനായ മക്കൾ. ക്നാനായ സംരക്ഷണ സമിതി എന്ന പേരിൽ സംഘടന ഉണ്ടാക്കിയാണ് വിമത വിഭാഗം സഭയ്‌ക്കെതിരെ നീങ്ങുന്നത്. ബെന്നി മാവേലിൽ, സക്കറിയ പുത്തൻകളം എബി നെടുവാമ്പുഴ, അഭിലാഷ് നന്തിക്കാട്ട്, ദിനു, റെമി എന്ന് തുടങ്ങി യുകെസിസിയുടെ മുൻ ഭാരവാഹികൾ എല്ലാം മൂലക്കാട്ട് പിതാവിനൊപ്പം തന്നെ നിലകൊണ്ടു. സഭയെ സ്നേഹിക്കുന്ന മക്കൾക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ കൂട്ടിചേർത്തു. സഭയെയും സമൂഹത്തെയും ഒറ്റുകൊടുത്തു ചരിത്രത്തെ വിസ്മരിച്ചു മുന്നോട്ട് പോകുന്നത് ശരിയല്ല. ഇങ്ങനെ പോയാൽ സഭയ്ക്ക് വേണ്ടി നിലകൊള്ളാൻ പുതിയ അൽമായ നേതൃത്വം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.

ചിലരൊക്കെ സഭയ്ക്കും പിതാവിനും മുകളിൽ വളർന്നു എന്ന തോന്നലാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന പോലെയാണ് അവിടുത്തെ കാര്യങ്ങളെന്നും ചിലർ പറയുന്നു. വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയ വാഴ്‌വ് പരിപാടിയിലെ പങ്കാളിത്തം സംഘാടകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുകെയിലെ ക്നാനായ സമുദായത്തിന് സഭായോടുള്ള സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറൽ ഫാദർ സജിമോൻ വലിയ പുത്തൻപുരയിലിന്റെ അധ്യക്ഷതയിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്ത വാഴ് വ് 2023 – ലെ പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യപ്രഭാഷണം നൽകി. നാട്ടിൽ നിന്നും ക്നാനായ കത്തോലിക്കാ കോൺഗ്രസിൻറെ സെക്രട്ടറി ബേബി സൈമൺ മുളവേലിപുറത്ത് ചീഫ് ഗസ്റ്റ് ആയിരുന്നു.