മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര്‍ ആണ് മൃതദേഹങ്ങൾ മമ്മിയാക്കി മാറ്റി സൂക്ഷിക്കുന്ന രീതി ആവിഷ്‌കരിച്ചത്. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ സൂക്ഷിക്കാന്‍ പ്രത്യേക രാസപദാർത്ഥങ്ങളും അവര്‍ മൃതശരീരത്തില്‍ പുരട്ടിയിരുന്നു. മാത്രമല്ല രത്‌നങ്ങളും ഭക്ഷണസാധനങ്ങളും വളര്‍ത്തുമൃഗങ്ങളുമൊക്കെ മമ്മിയ്‌ക്കൊപ്പം അടക്കിയിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇങ്ങനെ അടക്കം ചെയ്ത നിലയിൽ ധാരാളം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ, 100 വർഷം മുൻപ് മരിച്ച രണ്ട് വയസുകാരിയുടെ സംരക്ഷിത മൃതദേഹം ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന വിശേഷണത്തോടെ ചർച്ചയാകുകയാണ്. മുൻപും ഇത് വാർത്തയായിട്ടുണ്ട്. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പ് റൊസാലിയ ലോംബാർഡോ എന്ന പെൺകുട്ടി മരണമടഞ്ഞു. 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ചിരുന്നു. അതിനാൽ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരണപ്പെട്ടത് എന്നാണ് വിദഗ്ധരുടെ നിഗമനം.

റൊസാലിയയുടെ മൃതദേഹം വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ കാറ്റകോമ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നൂറു വർഷത്തിന് ശേഷവും ഈ മൃതദേഹം യാതൊരു കേടുപാടുകളുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വാഭാവികമായും മൃതദേഹങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ അഴുകിത്തുടങ്ങും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ നൈട്രജൻ നിറച്ച ഒരു ഗ്ലാസ് കെയ്‌സിനുള്ളിലാണ് റോസാലിയയുടെ ശരീരം കിടക്കുന്നത്.ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13നായിരുന്നു റൊസാലിയയുടെ ജനനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മകളുടെ വേര്‍പാട് സഹിക്കാനാകാതെ പിതാവ് മാരിയോ ലൊംബാര്‍ഡോയാണ് മൃതദേഹം എംബാം ചെയ്ത് വയ്ക്കാന്‍ തീരുമാനിച്ചത്. ആല്‍ഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് പ്രത്യേക രാസപദാര്‍ത്ഥങ്ങളുടെ സഹായത്തോടെ റൊസാലിയയുടെ മൃതദേഹം എംബാം ചെയ്തത്. ഈ ഗ്ലാസ് പെട്ടിക്കുള്ളിൽ ഇപ്പോഴും റൊസാലിയയുടെ മുടിയും ചർമ്മവും കേടുപാടുകൾ ഇല്ലാതെ ഇരിക്കുകയാണ്. എങ്കിലും അങ്ങനെ അഴുകാതിരിക്കുന്നതിനും പരിമിതികളുണ്ട്. അതിനാൽ തന്നെ റൊസാലിയ ഒരു ദുരൂഹതയായി തുടരുകയാണ്.

ചിലർ ഇത് മെഴുകുപ്രതിമയാണ് എന്നൊക്കെ പ്രചരിപ്പിച്ചു. മറ്റുചിലരാകട്ടെ ഈ മൃതദേഹം കണ്ണുചിമ്മിയെന്നും പറഞ്ഞു. എന്നാൽ ഇവയെല്ലാം ഒരു ഹിസ്റ്ററി ചാനൽ നടത്തിയ ഡോക്യൂമെന്ററിയിലൂടെ വ്യാജവാദങ്ങളായി തെളിയിക്കപ്പെട്ടു. കണ്ണുചിമ്മുന്നതായി തോന്നുന്നത് ഗ്ലാസ്സുകളിലൂടെ പ്രകാശം പതിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതരും വിശദീകരണം നല്‍കിയിരുന്നു.100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നത് സ്കാനിംഗിലൂടെയും എക്സ്-റേയിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ തലച്ചോറ് യഥാർത്ഥ വലുപ്പത്തിൽ നിന്നും 50 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ട്. എന്തായാലും ഇറ്റലിയിലെ ദുരൂഹമായ ഇതിഹാസങ്ങളിൽ പെടുകയാണ് റൊസാലിയ എന്ന മമ്മിയും.