ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യ അക്ഷതാമൂർത്തിയുടെ അമ്മ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല അർപ്പിച്ചു. യാതൊരു വിഐപി പരിഗണനയുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരിയായാണ് പത്മശ്രീ പുരസ്കാര ജേതാവായ സുധാമൂർത്തി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്. ഇൻഫോസിസ് സഹ സ്ഥാപകൻ എൻ. ആർ. നാരായണമൂർത്തിയ്ക്കൊപ്പം ചേർന്ന് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള അവർ ആറ്റുകാല പൊങ്കാലയെ കുറിച്ച് എഴുതുമെന്ന് അറിയിച്ചു.

സുധാമൂർത്തി പൊങ്കാലയിടുന്നത് അധികമാരും അറിഞ്ഞില്ല. പൊരിവെയിലിൽ ഒരു കുട പോലും ചൂടാതെ തറയിൽ ഇരുന്നാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ഭാര്യയുടെ അമ്മ പൊങ്കാലയിട്ടത്. ഒരു അംഗരക്ഷകന്റെയോ പോലീസുകാരന്റെയോ അകമ്പടി ഇല്ലാതെയാണ് ലാളിത്യത്തിന്റെ മകുടോദാഹരണമായി സുധാ മൂർത്തി പൊങ്കാല അർപ്പിച്ചത്. അതുകൊണ്ടുതന്നെ ക്യാമറ കണ്ണുകളിൽ നിന്ന് ഒഴിവായി ഭക്തിപൂർവ്വം ഏതൊരു സാധാരണ സ്ത്രീയെയും പോലെ പൊങ്കാല അർപ്പിക്കാൻ അവർക്കായി . തന്നെ തിരിച്ചറിഞ്ഞ പത്ര ഫോട്ടോഗ്രാഫറോട് അവർ സ്നേഹപൂർവ്വം നിർദ്ദേശം നൽകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആർക്കും സംശയം തരാതെ മറ്റൊരാൾക്കും ശല്യമാകാതെ അങ്ങനെ തന്നെ എഴുത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പകർന്ന സ്നേഹ സ്പർശം അവർ ജീവിതത്തിലും ലോകത്തിന് കാണിച്ചു കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിന് തലേന്ന് നടന്ന ആറ്റുകാൽ പൊങ്കാല സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണെന്ന് സുധമൂർത്തി പറഞ്ഞു. നിരവധി സ്ത്രീകൾ പലസ്ഥലങ്ങളിൽ നിന്ന് പൊങ്കാലയ്ക്കായി എത്തുന്നു. ഇവിടെ സമത്വമുണ്ട്. ജാതിയോ മതമോ പണക്കാരനോ ദരിദ്രനോ ഇല്ല … അവർ കൂട്ടിച്ചേർത്തു. മലയാളിയായ സെക്രട്ടറി ലീന ഗോപകുമാറിന്റെ ഒപ്പമാണ് സുധാമൂർത്തി പൊങ്കാല അർപ്പിക്കാനായി എത്തിയത്.

കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം പൂർണ്ണ തോതിൽ ആറ്റുകാൽ പൊങ്കാല നടന്നത്. പൊങ്കാല അർപ്പിക്കാൻ 40 ലക്ഷത്തോളം പേർ എത്തി എന്നാണ് അനൗദ്യോഗിക കണക്കുകൾ . ആറ്റുകാൽ ദേവീക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വരെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ പൊങ്കാല അർപ്പിക്കാൻ അണിനിരന്നു.