സ്വന്തം ലേഖകൻ
യുഎസിൽ നിരപരാധിയും നിരായുധനുമായ കറുത്തവർഗ്ഗക്കാരനായ ഫ്ലോയിഡിനെ പോലീസ് ബൂട്ട് വെച്ച് ചവിട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സെൻട്രൽ ലണ്ടനിൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ചിലരുടെ കയ്യിൽ ജസ്റ്റിസ് ഫോർ ജോർജ് ഫ്ലോയ്ഡ് എന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. നിരായുധനായ ഫ്ലോയിഡിനെ വെള്ളക്കാരായ പോലീസുകാർ കാലുകൊണ്ട് റോഡിലേക്ക് കഴുത്ത് അമർത്തി ചേർത്തുപിടിച്ച് പത്തുമിനിറ്റോളം സമയമെടുത്താണ് കൊന്നത്. ഇതിനിടയിൽ ഫ്ലോയ്ഡ് “ഓഫീസർ എനിക്ക് ശ്വസിക്കാനാവുന്നില്ല” എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. മിനപൊലിസിലെ കൊലപാതകത്തിന് ഡെറിക് ചൗവിന് എതിരെ കേസെടുത്തു. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ലണ്ടനിലെ പ്രതിഷേധത്തിനിടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ട്രാഫൽഗർ സ്‌ക്വയറിലും, ബാറ്റെർസീയിലെ യുഎസ് എംബസിക്ക് പുറത്തുമാണ് പ്രതിഷേധക്കാർ തടിച്ചു കൂടിയത്. യു കെ യിലെ മറ്റു പലയിടങ്ങളിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സെന്ററിലൂടെ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യം മുഴക്കി ജനങ്ങൾ കടന്നുപോയി. കാർഡിഫിലും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്.
വർഗീയതയ്ക്ക് ഇവിടെ ഇടമില്ല, എനിക്ക് ശ്വസിക്കാനാവുന്നില്ല തുടങ്ങിയ പ്ലക്കാർഡുകളും ലണ്ടനിലെ പ്രതിഷേധക്കാർ ഉപയോഗിച്ചു. സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെന്ന് മെറ്റ് പോലീസ് പറഞ്ഞു. യുഎസ് എംബസിക്ക് മുന്നിൽ നിന്ന് 17 നും 25 നും ഇടയ്ക്ക് പ്രായമുള്ള അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിൽ മൂന്നു പേരെ കോവിഡ് 19 ലെജിസ്ലേഷൻ തെറ്റിച്ചതിനും രണ്ടുപേരെ പോലീസിനെതിരെ അതിക്രമം കാണിച്ചതിനും ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ തന്നെ വെച്ചിരിക്കുകയാണ്.
ട്രാഫൽഗർ സ്ക്വയറിലെ സെന്റ് മാർട്ടിൻ ഇൻ ദി ഫീൽഡ്സ് പള്ളിയിലെ അസോസിയേറ്റ് വികാരിയായ റെവറണ്ട് സാലി ഹിച്ചിനേർ പറയുന്നു” ഈ വിഷയത്തിൽ എനിക്ക് സഹതാപം ഉണ്ട്, എന്നാൽ ഇത്രയധികം ജനങ്ങൾ ഒരുമിച്ച് കൂടിയത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഒന്നിച്ചുകൂടിയവരാരും ലോക്ക്ഡൗണോ സോഷ്യൽ ഡിസ്റ്റൻസിംഗോ പാലിക്കുന്നില്ല. തീർച്ചയായും ഈ വിഷയത്തിൽ വൈകാരികത ഉണ്ട്, എന്നാൽ എത്രമാത്രം അപകടം പിടിച്ച കാര്യമാണ് അവർ ചെയ്യുന്നത് എന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നില്ലേ?
കുറെയധികം പ്രതിഷേധക്കാർ ബാറ്റെർ സീ പാർക്ക് സ്റ്റേഷനിലെ റെയിൽവേ ബ്രിഡ്ജിനടിയിൽ തടിച്ചു കൂടിയിരുന്നു. നാലുപേർ ഒരു ബസ്സിന് മുകളിൽ കയറി ഒരു മുട്ടുമടക്കി വലത്തെ കൈ ഉയർത്തി നിശബ്ദമായി സല്യൂട്ട് ചെയ്ത്, ജനങ്ങളെയും അനുകരിക്കാൻ പ്രേരിപ്പിച്ചു. 1968 ലെ ഒളിമ്പിക്സിൽ യുഎസ് സ്പ്രിന്റർ ആയ ടോമി സ്മിത്ത് ആണ് ആദ്യമായി വർഗീയതയ്ക്കെതിരെ ഗോൾഡ് മെഡൽ സെറമണിയിൽ ഈ രീതിയിൽ പ്രതികരിച്ചത്.
യുഎസിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 22 നഗരങ്ങളിലായി 1600 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. അഞ്ചുദിവസമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ ടിയർഗ്യാസും റബ്ബർ ബുള്ളറ്റും ഉൾപ്പെടെയുള്ള മുറകളാണ് പോലീസ് പ്രയോഗിക്കുന്നത്.
Leave a Reply