ജനുവരി ഒരു ഓർമ്മ; നന്ദിത ! അകാലത്തിൽ കൊഴിഞ്ഞ കവയിത്രി നന്ദിതയെക്കുറിച്ച് അയർലൻഡിൽ നിന്നും അനിൽ ജോസഫ് രാമപുരം എഴുതുന്നു

ജനുവരി ഒരു ഓർമ്മ; നന്ദിത ! അകാലത്തിൽ കൊഴിഞ്ഞ കവയിത്രി നന്ദിതയെക്കുറിച്ച് അയർലൻഡിൽ നിന്നും  അനിൽ ജോസഫ് രാമപുരം എഴുതുന്നു
January 13 01:24 2021 Print This Article

അനിൽ ജോസഫ് രാമപുരം

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു…

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും

മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ…

എന്റേ വേരുകള്‍ തേടി.’

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു

പക്ഷേ…

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;’ -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു’ – (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

‘the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain’ -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles