ജോബി തോമസ്

ലണ്ടൻ: യുകെ മലയാളിയും ബേസിംഗ്സ്റ്റോക്ക് മുൻ ബറോ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രമുഖ സംരംഭകനുമായ ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച നാലാമത് സംഗീത ആൽബം ‘പഥികൻ’ ഏപ്രിൽ 12 ശനിയാഴ്ച പ്രകാശനം ചെയ്യും . ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിഭകളെ പുരസ്കാരം നൽകി ആദരിക്കുന്ന ചടങ്ങിലാണ് ‘പഥികൻ’ എന്ന സംഗീത ആൽബവും പ്രകാശനം ചെയ്യുന്നത്.

കലാ സാഹിത്യ സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് ലണ്ടൻ മലയാള സാഹിത്യവേദി നൽകിവരുന്ന പുരസ്കാരങ്ങൾക്ക് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്ന പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ മാടക്ക്വന ബാലകൃഷ്ണപിള്ള, എസ് മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാനുമായ ഡോ ജെ രത്‌നകുമാർ എന്നിവരോടൊപ്പം യുകെയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഡോ അജി പീറ്ററും പുരസ്കാര ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 12 ശനിയാഴ്ച കോട്ടയം അർക്കാഡിയ ഹോട്ടലിൽ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തിൽ ബഹു സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്കാരങ്ങൾ നൽകി ജേതാക്കളെ ആദരിക്കും. തുടർന്ന് ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവ്വഹിച്ച ‘പഥികൻ’എന്ന സംഗീത ആൽബത്തിന്റെ പ്രകാശന കർമ്മവും ബഹു മന്ത്രി ശ്രീ വി എൻ വാസവൻ നിർവ്വഹിക്കും. ലണ്ടൻ മലയാളസാഹിത്യ വേദി ജനറൽ കോർഡിനേറ്റർ ശ്രീ റജി നന്തികാട്ട് പുരസ്കാര സന്ധ്യ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പ്രമുഖ സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി എ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രോതാക്കളുടെ മനം കവരുന്ന ശബ്ദ സൗന്ദര്യത്തിൽ അനുഗ്രഹീത ഗായകനായ കെസ്റ്റർ ആണ് ‘പഥികൻ’എന്ന സംഗീത ആൽബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡിജോ പി വർഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബത്തിന്റെ ക്രിയേറ്റീവ് കോർ ഡിനേറ്റർ ശ്രീ സി എ ജോസഫ് ആണ്.

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സന്തോഷം പകരുന്നത് നേട്ടങ്ങൾ ലഭിക്കുന്ന അവസരങ്ങളിലാണ്. എന്നാൽ കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്നുപോകുന്ന മനുഷ്യൻ ദൈവത്തിന്റെ തണലിൽ അഭയം പ്രാപിക്കുമ്പോൾ ലഭിക്കുന്ന മന:ശാന്തിയും സമാധാനവും അനുഭവിച്ചറിയുന്ന നിമിഷങ്ങൾക്ക് മനോഹാരിതയാർന്ന ദൃശ്യാവിഷ്കാരങ്ങൾ നൽകിയാണ് ഈ സംഗീത ആൽബം ചിത്രീകരിച്ചിരിക്കുന്നത് . നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവ്വഹിക്കുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ ഡോ അജി പീറ്റർ തന്നെയാണ് ഈ സംഗീത ആൽബത്തിലെ ‘പഥികന് ‘ ജീവൻ നൽകി ദൃശ്യവിസ്മയം തീർത്തിട്ടുള്ളത് .

ലണ്ടൻ മലയാള സാഹിത്യവേദി ഏപ്രിൽ 12ന് സംഘടിപ്പിക്കുന്ന പുരസ്കാര സന്ധ്യ 2025 ന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ സന്തോഷ് ഫിലിപ്പ് നന്തികാട്ട് അറിയിച്ചു.