ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബി എ 4.6 ബ്രിട്ടനിലും പടരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 14ന് ആരംഭിച്ച ആഴ്ചയിൽ, ഏകദേശം 3.3% സാമ്പിളുകളാണ് ബി എ 4.6 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് ഏകദേശം സ്ഥിരീകരിക്കപ്പെടുന്ന കേസുകളിൽ 9% ത്തോളം ആണ് . ഇതേ അവസ്ഥ തന്നെയാണ് യുഎസ്സിലും. സെന്റർ ഫോർ ഡിസീസസ്, കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎസ്സിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 9% ത്തോളം പുതിയ വകഭേദം മൂലമാണെന്ന് വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് വൈറസിന്റെ വകഭേദമായി മുൻപ് തിരിച്ചറിയപ്പെട്ട ഒമിക്രോണിന്റെ ബി എ 4 വേരിയന്റിന്റെ പിൻഗാമിയാണ് ബി എ 4.6. ബി എ 4 ആദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ബി എ 4.6 എങ്ങനെയാണ് ഉയർന്നുവന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല. പക്ഷേ ഇത് ഒരു പുനഃസംയോജന വേരിയന്റാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡിന്റെ രണ്ട് വേരിയന്റുകൾ ഒരുമിച്ച് ഒരു വ്യക്തിയെ ബാധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുനസംയോജനങ്ങൾ സംഭവിക്കുന്നത്.
പുതുതായി കണ്ടെത്തിയിരിക്കുന്ന ഉപവകഭേദം ബി എ 4.6 നോട് സാമ്യങ്ങൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാധാരണയായി വൈറസിന്റെ ഏറ്റവും പുറഭാഗത്ത് കാണുന്ന സ്പൈക്ക് പ്രോട്ടീനിൽ മാത്രമാണ് വ്യത്യാസം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.
ഒമിക്രോൺ അതി തീവ്ര രോഗാവസ്ഥകൾ മുൻപ് ഉണ്ടാക്കാത്തത് ആശ്വാസകരമാണ്. ബി എ 4.6 വകഭേദം കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യമെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾക്ക് ഇതുവരെ സ്വീകരിച്ച വാക്സിനുകൾ ഫലപ്രദമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരികയാണ് . പുതിയ വകഭേദങ്ങൾ വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ കോവിഡ് പൂർണമായും നീങ്ങിയിട്ടില്ല എന്നു തന്നെയാണ് സൂചനകൾ നൽകുന്നത്. അതിനാൽ തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു.
Leave a Reply