ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. മുൻപ് ഇത്തരമൊരു നിർദേശം ഉണ്ടായിരുന്നില്ല.

റൗണ്ട് എബൗട്ടുകൾ വരുമ്പോൾ, സൈക്കിൾ യാത്രക്കാരെ മറികടക്കാൻ പാടില്ലെന്നും അവർക്ക് ആവശ്യമായ ഇടം നൽകണമെന്നും പുതിയ ഹൈവേ കോഡിൽ പറയുന്നു. ഹൈവേ കോഡ് ഹയറാർക്കിയിലും ഈ മാറ്റം വരും. ബസുകൾ, എച്ച്‌ജിവി തുടങ്ങി കൂടുതൽ അപകടകരമെന്ന് കരുതുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ റോഡുകളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും ഡ്രൈവർമാർ വഴി നൽകേണ്ടതുണ്ട്.

പുതിയ ഹൈവേ കോഡ് ഹയറാർക്കിയിൽ കാൽനടയാത്രക്കാരാണ് ഒന്നാമത്.
സൈക്ലിസ്റ്റുകൾ,
കുതിര സവാരിക്കാർ,
മോട്ടോർ സൈക്കിൾ യാത്രക്കാർ,
കാറുകൾ/ടാക്സികൾ,
വാനുകൾ/മിനിബസുകൾ,
വലിയ യാത്രാ വാഹനങ്ങൾ എന്നിവർ യഥാക്രമം രണ്ടു മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ. ട്രാഫിക്കിലും ജംഗ്ഷനിലും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന നൽകുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.