ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻ‌എച്ച്‌എസും സോഷ്യൽ കെയർ സ്റ്റാഫുകളും നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് റിപ്പോർട്ട്‌. ജീവനക്കാരുടെ അഭാവവും ജോലിഭാരവും ആരോഗ്യ സേവനത്തിന്റെ ഭാവി അപകടത്തിലാക്കുമെന്ന് എം‌പിമാർ മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ കുറവ് കാരണം ഇപ്പോൾ ജോലി ചെയ്യുന്ന സ്റ്റാഫുകൾ പ്രതിസന്ധിയിലാണെന്ന് വിമർശനാത്മകമായ ഒരു റിപ്പോർട്ടിൽ പറയുന്നു. കോവിഡ് പ്രതിസന്ധി ഈ സമ്മർദ്ദം വഷളാക്കിയിട്ടുണ്ടെങ്കിലും പകർച്ചവ്യാധിക്ക് മുമ്പ് തന്നെ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർമാരും നഴ്സിംഗ് യൂണിയനുകളും റിപ്പോർട്ടിനെ സ്വാഗതം ചെയ്തു. ഇത് ഉദ്യോഗസ്ഥർ നേരിടുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഉയർത്തിക്കാട്ടുന്നുവെന്ന് അവർ പ്രതികരിച്ചു. എൻ‌എച്ച്‌എസിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ അധ്യക്ഷതയിൽ രൂപം കൊണ്ട ആരോഗ്യ-സാമൂഹിക പരിപാലന സമിതി എൻ എച്ച് എസ് ജീവനക്കാരുടെ അവസ്ഥ എത്രത്തോളം കഠിനമാണെന്ന് അന്വേഷിക്കുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത അഞ്ച് മുതൽ 10 വർഷത്തേക്ക് എൻ‌എച്ച്എസിന് എത്ര ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി. ഇതിനെ “വർക്ക്ഫോഴ്സ് പ്ലാനിംഗ്” എന്ന് വിളിക്കുന്നു. “അടുത്ത 5 , 10, 20 വർഷങ്ങളിൽ എൻ‌എച്ച്എസിന് എത്ര ജീവനക്കാർ ആവശ്യമാണെന്ന് വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നത് എങ്ങനെയാണെന്ന് എൻ എച്ച് എസ് സ്റ്റാഫുകൾ അറിയേണ്ടതുണ്ട്.” റിപ്പോർട്ടിൽ വിവരിക്കുന്നു. ജോലിയിൽ നിന്ന് നിരവധി നേഴ്സുമാർ പിരിഞ്ഞുപോകുന്നുണ്ടെന്ന് തീവ്രപരിചരണ നേഴ്‌സായ ലിസ് സ്റ്റാവാക്രെ വെളിപ്പെടുത്തി. “ഇത് വളരെ പ്രയാസകരമായ വർഷമാണ്. ഞങ്ങൾ വളരെ ക്ഷീണിതരാണ് – ശാരീരികമായും മാനസികമായും.” അവർ കൂട്ടിച്ചേർത്തു.

ജീവനക്കാരുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഡോ. റോസ്മേരി ലിയോനാർഡ് അഭിപ്രായപ്പെട്ടു. പ്രൈമറി കെയറിലുള്ള എല്ലാവരും തുടർച്ചയായ ദിവസങ്ങൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ വലിയ സമ്മർദ്ദത്തിലാണെന്നും അവർ പറഞ്ഞു. കോവിഡ് ആരംഭിക്കുന്നതിനുമുമ്പ്, എൻ‌എച്ച്എസിന് 12 സ്റ്റാഫുകളിൽ ഒരാളുടെ കുറവ് നേരിടേണ്ടി വന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ 50,000 നേഴ്സിംഗ് തസ്തികകളിൽ നിയമനം നടന്നിട്ടില്ല. അതേസമയം, അടൾട്ട് സോഷ്യൽ കെയറിൽ 2019-20 സാമ്പത്തിക വർഷത്തിൽ 7.3 ശതമാനത്തിന്റെ ഒഴിവുണ്ടായിരുന്നു. ഇത് 112,000 ഒഴിവുകൾക്ക് തുല്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ലെ എൻ‌എച്ച്‌എസ് സ്റ്റാഫ് സർവേ പ്രകാരം, 44% ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ ജോലി സംബന്ധമായ സമ്മർദ്ദത്തിന്റെ ഫലമായി രോഗം ഉണ്ടായതായി റിപ്പോർട്ടു ചെയ്‌തു. ആരോഗ്യ സേവനരംഗം നേരിടുന്ന ഈ കടുത്ത പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്.