ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാന റെയിൽവേ ലൈനിൽ ഒരാഴ്ച വലിയ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി റയിൽവേ അധികൃതർ രംഗത്ത്.ലണ്ടനിൽ നിന്ന് ബേസിംഗ്‌സ്റ്റോക്കിലേക്കുള്ള ട്രാക്കിന്റെ ഹാംഷെയറിലെ ഹുക്ക് സ്റ്റേഷന്റെ വടക്ക് കിഴക്ക് ഭാഗത്താണ് 44 മീറ്റർ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടിരിക്കുകയാണ്.

നിലവിൽ രണ്ട് ട്രാക്കുകൾ മാത്രമേ സഞ്ചാരയോഗ്യമായിട്ടുള്ളു. ഇത് ലണ്ടനിലേക്ക് പോകുന്ന ഭാഗത്താണ്. സംഭവത്തെ തുടർന്ന് വരും ദിവസങ്ങളിൽ റെയിൽ മുഖേന യാത്രകൾ ആസൂത്രണം ചെയ്തവർ അനുയോജ്യമായ ബദൽ യാത്രാ മാർഗങ്ങൾ ക്രമീകരിക്കണമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹുക്ക്, വിഞ്ച്ഫീൽഡ് ഫ്ലീറ്റ് സ്റ്റേഷനുകളിൽ സേവനം ഉണ്ടാകില്ലെന്നും എസ് ഡബ്ള്യു ആർ കൂട്ടിച്ചേർത്തു. എന്നാൽ അതേസമയം ലണ്ടൻ, ബേസിംഗ്‌സ്റ്റോക്ക് എന്നിവിടങ്ങളിലെ യാത്രക്കാർക്ക് പുറമേ, ബോൺമൗത്ത്, സതാംപ്ടൺ, വെയ്‌മൗത്ത്, സാലിസ്‌ബറി, എക്‌സെറ്റർ എന്നിവിടങ്ങളിലേക്കുള്ള ആളുകളോട് അത്യാവശ്യ യാത്രയ്ക്ക് മാത്രമേ സർവീസ് ഉപയോഗിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ ക്രമീകരണം ജനുവരി 22 വരെ തുടരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.