ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർ പോലും ചികിത്സയ്ക്കായി ഒട്ടേറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് എൻഎച്ച്എസിൽ ഉള്ളത്. കോവിഡ് രോഗികളുടെ അധിക സമ്മർദ്ദവും സമരവും മൂലം കാത്തിരിപ്പിന്റെ ദൈർഘ്യം ഏറ്റവും കൂടിയ അവസ്ഥയിലാണ് ഇപ്പോൾ. ഇതിനെല്ലാം പുറമേയാണ് ആവശ്യത്തിന് ജീവനക്കാർ വിവിധ മേഖലകളിൽ ഇല്ലാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ. ദന്ത മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ യുകെയിലെ യോഗ്യതാ പരീക്ഷ എഴുതാതെ തന്നെ വിദേശത്തുനിന്നുള്ള ഡോക്ടർമാർക്ക് നിയമനം നൽകാമെന്ന നയപരമായ തീരുമാനം സർക്കാർ സ്വീകരിച്ചിരുന്നു.
എന്നാൽ എൻഎച്ച്സിലെ കാത്തിരിപ്പു സമയത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ബിബിസിയുടെ അന്വേഷണസംഘം. ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.6 ദശലക്ഷമാണ്. എന്നാൽ ഈ കണക്കുകൾക്കും അപ്പുറം ചികിത്സയ്ക്കായി കാത്തിരിക്കുന്ന യഥാർത്ഥ രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ കാലതാമസം നേരിടുന്നവരാണെങ്കിൽ പോലും തുടർച്ചയായി പരിചരണം വേണ്ട രോഗികളുടെ എണ്ണം എൻഎച്ച്എസ് ഇതുവരെ ലിസ്റ്റ് ഉൾപ്പെടുത്തിയിട്ടില്ല.
തുടർച്ചയായ പരിചരണം ആവശ്യമുള്ള രോഗികളെ ചികിത്സ ആരംഭിക്കുമ്പോൾ തന്നെ വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് മാറ്റുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്യാൻസർ പോലുള്ള ഗുരുതരമായ രോഗം ബാധിച്ച ഒട്ടേറെ പേരോട് ബിബിസിയുടെ അന്വേഷണസംഘം സംസാരിച്ചത്. തുടർച്ചയായ പരിചരണം ആവശ്യമായ രോഗികൾക്ക് അവരുടെ ചികിത്സയ്ക്ക് കാലതാമസം നേരിട്ടാൽ വെയിറ്റിംഗ് ലിസ്റ്റിലേക്ക് ചേർക്കുകയാണെങ്കിൽ യഥാർത്ഥത്തിലുള്ള വെയ്റ്റിംഗ് ലിസ്റ്റിനെ കുറിച്ച് ഏകദേശ രൂപം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയാൽ യുകെയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളെ കുറിച്ചുള്ള യഥാർത്ഥ ചിത്രം പുറത്ത് വിടുമെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.
Leave a Reply