സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് ഭീതിയിൽ രാജ്യമൊട്ടാകെ വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് നാല്‌ ആഴ്ചകൾ ആയി.   അതേസമയം വിശ്രമമില്ലാതെ കൊറോണ വൈറസിനോട് പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സ്വന്തം ജീവൻ നഷ്ടപ്പെടുന്ന കാഴ്ച ദുഃഖകരമാണ്. കോവിഡ് ബാധിച്ച് 4 എൻ എച്ച് എസ് ജീവനക്കാർ കൂടി മരണപ്പെട്ടു. ജൂലിയാൻ കാഡ്ബി (49), ആൻഡി ട്രെബിൾ(57), ലൂർദ്‌സ് കാമ്പ്‌ബെൽ, ബ്രയാൻ ഡാർലിംഗ്ടൺ എന്നിവരാണ് കൊറോണ വൈറസിനോട് പടപൊരുതി വീരമരണം വരിച്ച എൻ എച്ച് എസ് ജീവനക്കാർ. 30 വർഷമായി എൻ‌എച്ച്‌എസിൽ ജോലി ചെയ്തിരുന്ന ജൂലിയാൻ കാഡ്ബി, ഹെൽത്ത് ബോർഡിൽ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഡിഫ് സ്വദേശിയാണ്. സ്‌പെഷ്യലിസ്റ്റ് ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് സർവീസസിൽ ബിസിനസ് മാനേജരാകുന്നതിനു മുമ്പ് മെഡിക്കൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കാർഡിഫിന്റെയും വെയിൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിന്റെയും വക്താവ് പറഞ്ഞു: “ജൂലിയാൻ ഞങ്ങളുടെ ടീമിലെ വളരെയധികം പ്രിയപ്പെട്ട അംഗമായിരുന്നു. അവൾ വളരെ കരുതലുള്ളവളായിരുന്നു. സഹപ്രവർത്തകരെ സഹായിക്കാൻ എല്ലായ്പ്പോഴും സമയം കണ്ടെത്തും.” ഭർത്താവ് ക്രിസ്, മകൻ ഇവാൻ എന്നിവരോടൊപ്പം കഴിഞ്ഞിരുന്ന ജൂലിയാൻ, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ മുൻ‌നിരയിൽ നിന്ന് പോരാടിയവരിൽ ഒരാളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിസന്ധി ഘട്ടത്തിൽ മുൻ‌നിരയിലേക്ക് മടങ്ങിയെത്തിയ 57 കാരനായ ആൻ‌ഡി ട്രെബിൾ മെയ്‌ലർ ഹോസ്പിറ്റലിൽ തിയേറ്റർ അസിസ്റ്റന്റായിരുന്നു. നോർത്ത് വെയിൽസിലെ ആശുപത്രിയിൽ 40 വർഷത്തോളം ജോലി ചെയ്തിരുന്ന ട്രെബിൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരെ നന്നായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും 17 വയസ്സുള്ള മകൾ എമിലിയും തങ്ങളുടെ പ്രിയപ്പെട്ട ട്രെബിളിന്റെ വേർപാടിൽ ദുഖാർത്തരായി കഴിയുകയാണ്. “വളരെ പ്രിയപ്പെട്ട ഒരു സ്റ്റാഫ് അംഗം കടന്നുപോയതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ” : റെക്‌ഷാം മെയ്‌ലർ ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ ഇമ്രാൻ ദേവ്ജി അറിയിച്ചു.

ബോൾട്ടൺ എൻ‌എച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ 13 വർഷമായി ജോലി ചെയ്തിരുന്ന ലൂർദ്‌സ് കാമ്പ്‌ബെല്ലിന്റെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. സഹപ്രവർത്തകർ അവരെ സ്നേഹപൂർവ്വം ‘ഡെസ്’ എന്നാണ് വിളിച്ചിരുന്നത്. ഹെൽത്ത് കെയർ അസിസ്റ്റന്റായ ലൂർദ്‌സ് കാമ്പ്‌ബെൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ എന്നും മുൻപന്തിയിൽ ആയിരുന്നു. മിഡ് ചെഷയർ എൻ‌എച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന ബ്രയാൻ ഡാർലിംഗ്ടണും രോഗം ബാധിച്ച് മരിച്ചു. 20 വർഷത്തിലേറെയായി ട്രസ്റ്റിൽ പോർട്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 46 വർഷങ്ങൾ ആയിരുന്നു. ഒരു ഭർത്താവായും അച്ഛനായും മുത്തച്ഛനായും ജീവിച്ചിരുന്ന ബ്രയാന്റെ മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി. “മുഖത്ത് പുഞ്ചിരിയോടെ അദ്ദേഹം എല്ലായ്പ്പോഴും ആശുപത്രിയെ ചുറ്റിനടന്നു; ഇടനാഴിയിൽ കണ്ടുമുട്ടുന്ന സഹപ്രവർത്തകർക്ക് മധുരപലഹാരങ്ങൾ കൈമാറി.” : സഹപ്രവർത്തകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ ട്രസ്റ്റ് അനുശോചനം രേഖപ്പെടുത്തി. ഇതോടെ കോവിഡ് ബാധിച്ച് മരിക്കുന്ന എൻ എച്ച് എസ് ജീവനക്കാരുടെ എണ്ണം 50 ആയി ഉയർന്നു.

ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയെത്തുടർന്ന് ലോകത്ത് മറ്റൊരു മോശമായ സാമ്പത്തിക മാന്ദ്യം ഉണ്ടായേക്കാം . ലോക സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ഒരു മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആഴ്ച ആദ്യം, അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) ലോക സമ്പദ്‌വ്യവസ്ഥ അതിവേഗം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. ഇത് 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ മാന്ദ്യമാകുമെന്ന ആശങ്ക ഉണർത്തിയിട്ടുണ്ട്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ കഴിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. ആകെ മരണങ്ങൾ ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു. ബ്രിട്ടനിൽ ഇന്നലെ രോഗം ബാധിച്ച് 861 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 13,729 ആയി ഉയർന്നു. ഒപ്പം രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 4617 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 103,093 ആയി. രോഗബാധിതർ ഒരുലക്ഷം ഉണ്ടാകുന്ന ആറാമത്തെ രാജ്യമാണ് യുകെ.