ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളെക്കാളെല്ലാം ബ്രിട്ടനിൽ കോവിഡ് കേസുകളിൽ വൻകുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഒരാഴ്ചയിൽ തന്നെ 28 % കുറവാണ് കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരിയായ രീതിയിലുള്ള വാക്സിൻ വിതരണമാണ് ബ്രിട്ടന്റെ ഈ വിജയത്തിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഫ്രാൻസിൽ ആഴ്ചയിൽ ഉള്ള കേസുകളുടെ എണ്ണം ബ്രിട്ടനെക്കാളും എട്ട് ഇരട്ടിയാണ്. ജർമ്മനിയിൽ മാർച്ച് മുപ്പതാം തീയതി മാത്രം 23,681 കേസുകളാണ് രേഖപ്പെടുത്തിയത്.
ബ്രിട്ടനിൽ ഇനിയും വാക്സിൻ സ്വീകരിക്കാനുള്ള യുവാക്കളും, 50 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഉടൻതന്നെ സ്വീകരിക്കണമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ് അറിയിച്ചു. ഏകദേശം 4.1 മില്യൻ ആളുകളാണ് ഇതുവരെ യുകെയിൽ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞത്. ആളുകൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന കർശനനിർദേശം ആരോഗ്യവകുപ്പ് നൽകുന്നു. ബ്രിട്ടനിൽ ഇന്നലെ 4052 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.
ഇതിനിടെ ബ്രിട്ടനിൽ കൂടുതൽ ഇളവുകൾക്കായുള്ള ആവശ്യങ്ങൾ ശക്തമാണ്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഗവൺമെന്റ് ഒരു തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടയിൽ ജർമ്മനി അസ്ട്രസെനേക്കയുടെ വാക്സിൻ നിരോധിച്ചതിനെതിരെയും പ്രതിഷേധങ്ങൾ ശക്തമായി നടക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. എന്നാൽ ബ്രിട്ടണിൽ ഫലപ്രദമായ വാക്സിൻ വിതരണം കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുന്നു.
Leave a Reply