ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിൻെറ കുതിപ്പ് തുടരുന്നു. ഇന്നലെ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 16703 കോവിഡ് കേസുകളാണ്. 21 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് മൂലം രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ജൂൺ 21 -ൽ നിന്ന് ജൂലൈ 19 ലേയ്ക്ക് മാറ്റി വെച്ചിരുന്നു. രാജ്യത്തിൻറെ എല്ലാഭാഗത്തും കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നിരുന്നാലും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഇനി നീട്ടി വയ്ക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടാൽ ഫെയ്സ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കില്ലന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിൽ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യഥേഷ്ടം വിദേശയാത്രയ്ക്ക് അവസരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീന് യുകെയിൽ വിധേയമാകണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. 83% ആൾക്കാർക്ക് നിലവിൽ ഒരു ഡോസ് വാക്സിനും ലഭ്യമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നിങ്ങളുടെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.











Leave a Reply