ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ക്രിസ്മസിനു മുന്പു ബ്രിട്ടനിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. ഒമിക്രോൺ വകഭേദം രാജ്യത്തു വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
മഞ്ഞുമലയുടെ അറ്റം മാത്രമാണ് രോഗപ്പകർച്ചയുടെ ഇപ്പോഴത്തെ തോതെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ക്രിസ്മസിനു മുന്പ് നിയന്ത്രണങ്ങൾ കൊണ്ടുവരുമോയെന്ന ചോദ്യത്തിന് സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്നും രോഗം അതിവേഗം പടരുകയാണെന്നുമാണ് ആരോഗ്യമന്ത്രി ബിബിസിയോടു പറഞ്ഞത്.
മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും ഉറപ്പുനൽകാനാവില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ആരോഗ്യവിദഗ്ധരിൽനിന്ന് വിശദമായ ഉപദേശം തേടുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനു പ്രധാനമന്ത്രി ബോറിസ് ജോൺസണു കഴിയുമോയെന്ന ചോദ്യത്തിന് നിയന്ത്രണങ്ങൾ സംബന്ധിച്ച് പാർലമെന്റിലാണ് ആവശ്യമുന്നയിക്കുന്നതെന്നും പാർലമെന്റിന്റെ പിന്തുണയോടെ തീരുമാനം എടുക്കാനാകുമെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
വെള്ളിയാഴ്ചയോടെ ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 25,000 ആയി. 24 മണിക്കൂറിനകം പതിനായിരത്തിലേറെപ്പേർക്കാണു രോഗബാധയുണ്ടായത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് ബ്രിട്ടനിൽ 90,418 പേർക്കാണ് കോവിഡ്. ഒരാഴ്ചകൊണ്ട് 44.4 ശതമാനത്തിന്റെ വർധന.
കൂടുതൽ നിയന്ത്രണങ്ങൾക്ക് സർക്കാർ നിർബന്ധിതരാകുന്നത് ഈ സാഹചര്യത്തിലാണെ ന്നു വിലയിരുത്തപ്പെടുന്നു.
Leave a Reply