പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒസിഐ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ക്ക് പരിരക്ഷ നല്‍കുന്ന പ്രവാസി സുരക്ഷാ ബില്ല് നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമെന്ന് ഒഐസിസി ആവശ്യപ്പെട്ടത് മൂന്നാമത് ലോക കേരള സഭയില്‍ ശ്രദ്ധേയമാവുകയും മേഖല റിപ്പോര്‍ട്ടിംഗില്‍ ഒന്നാമതായി പരിഗണിക്കുകയും ചെയ്തു.

യൂറോപ്പ് സെഷനില്‍ ജര്‍മനിയില്‍ നിന്നുള്ള ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറി/യൂറോപ്പ് കോഓര്‍ഡിനേറ്റര്‍ ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കലാണ് ഈ നിര്‍ദ്ദേശം ആദ്യമായി മന്ത്രിമാരായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ.ആന്റണി രാജു എന്നിവരുടെ മുമ്പാകെ അവതരിപ്പിച്ചത്. ഇക്കാര്യം മുന്തിയ പരിഗണനയില്‍ എടുക്കുമെന്നു മന്ത്രിമാര്‍ ഉറപ്പു നല്‍കിയതുകൂടാതെ നോര്‍ക്ക സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി മുഖേനയും സാക്ഷ്യപ്പെടുത്തി. പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു സബ്കമ്മിറ്റിയെയും തിരഞ്ഞെടുക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

എന്‍ആര്‍ഐ(എന്‍ആര്‍കെ), ഒസിഐ ഹോള്‍ഡര്‍മാര്‍, അവരുടെ ജീവിതത്തിനായി, കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കള്‍, കെട്ടിടങ്ങള്‍, പാരമ്പര്യമായി ലഭിച്ച സ്വത്തുവകകള്‍, പൂര്‍വിക സ്വത്തുകള്‍ ദീര്‍ഘകാലമായി നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ കൈമോശം വരികയോ അന്യാധീനപ്പെടുകയോ, അന്യര്‍ കൈയ്യേറ്റം ചെയ്യുകയോ ഉണ്ടാവുന്ന പതിവ് ഇപ്പോള്‍ സര്‍വസാധാരണമാണ്. വിദേശത്തേയ്ക്ക് ജോലി തേടി പോയി പിന്നീട് തിരിച്ചുവരാമെന്ന സ്വപ്നവുമായാണ് പ്രവാസികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുകൂടാതെ മറ്റു സാഹചര്യങ്ങള്‍ കാരണം അസുഖം, വാര്‍ധക്യം, തുടങ്ങിയ ജീവിത ഘട്ടങ്ങളില്‍ പഴയതുപോലെ കേരളത്തില്‍ തിരിച്ചെത്താന്‍ കഴിയുന്നില്ല. ഇത്തരക്കാര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രവാസികള്‍ക്ക് നിയമസാധുത ആവശ്യമായി വരികയും ഇതിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലൂടെ ഇതു പരിഹരിക്കാന്‍ പ്രവാസി സുരക്ഷാ ബില്‍ കേരളത്തില്‍ പ്രാബല്യത്തില്‍ വരുത്തേണ്ട ആവശ്യകതയും കൂടാതെ സമാധാനപരമായ ജീവിതം നയിക്കാന്‍ സര്‍ക്കാര്‍ പിന്തുണയും വേണമെന്ന് ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ഈ നിര്‍ദ്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി. അതുതന്നെയുമല്ല പ്രവാസികളുടെ സ്വന്തം വസ്തുവകകള്‍ മറ്റു സ്വാധീനം ഉപയോഗിച്ച് ഉടമസ്ഥാവകാശ രേഖകള്‍ മായ്ക്കുകയും അതുമല്ലെങ്കില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇപ്പോള്‍ കേരളത്തില്‍ പതിവാണ്.

പ്രവാസികള്‍ ചുരുങ്ങിയ അവധിയ്ക്കായി നാട്ടിലെത്തുമ്പോള്‍ സ്വന്തം സ്വത്തുവകകള്‍ തിട്ടപ്പെടുത്താനായി ശ്രമിക്കുമ്പോള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിനെ തരണം ചെയ്യാന്‍ ഒരു പ്രവാസി ലാന്‍ഡ് ഡാറ്റാബേസ് പ്രാബല്യത്തിലാക്കി വിവരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കൂടിയേ തീരു. അതിനാല്‍, പ്രവാസി മലയാളികള്‍ ഈ വിഷയത്തില്‍ പ്രവാസി സുരക്ഷ ബില്‍ പാസാക്കുന്നതിന് ശരിയായതും കാര്യക്ഷമവുമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സാംസ്‌കാരിക സംഘടനകളുടെയും പങ്കാളിത്തം വേണമെന്നും ജിന്‍സന്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ ലോക കേരള സഭയില്‍ അഭ്യര്‍ത്ഥിച്ചു.