മാസപ്പടി വിവാദത്തിൽ പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊച്ചിയിൽ സമരാഗ്നിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംആര്‍എലിനെ കൂടാതെ എക്‌സാലോജിക്കിനു മാസപ്പടി നല്‍കിയിരുന്ന കമ്പനികള്‍ ഏതൊക്കെയാണെന്നും അത്തരം കമ്പനികൾക്ക് നികുതി ഇളവുൾപ്പെടെ എന്തെങ്കിലും ആനുകൂല്യങ്ങൾ സർക്കാർ നൽകിയിട്ടുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍നിന്നും കര്‍ണാടക ഹൈക്കോടതി വിധിയില്‍നിന്നും ഉയര്‍ന്നു വന്നതാണ് ഈ ചോദ്യങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വീണ വിജയന്റെ കമ്പനിയെ സംബന്ധിച്ച് ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിടാമോയെന്ന തന്റെ വെല്ലുവിളിക്ക് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധിയില്‍ സിഎംആര്‍എല്ലും വീണ വിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് 2021 ജനുവരി 29 ന് ഇ.ഡി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആര്‍.ഒ.സി നോട്ടീസ് അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിനു മുന്‍പ് അന്വേഷണം ഇഡി ആരംഭിച്ചതാണ്. എക്സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാന്‍ ബിജെപിയുമായി എന്തുധാരണയാണുള്ളത്.
ആദായ നികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് വന്നപ്പോള്‍ മകളുടെ വാദം കേള്‍ക്കാന്‍ തയാറായില്ലെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അതു തെറ്റാണെന്ന് ആര്‍.ഒ.സി റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നതോടെ വ്യക്തമായി. ഏതൊക്കെ ഏജന്‍സികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ.
സിഎംആര്‍എല്ലിന് പുറമെ വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ടുകളിലേക്ക് ചാരിറ്റി സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നും മാസമാസം പണം ലഭിച്ചിട്ടുണ്ടെന്നാണ് ആര്‍ഒസി കണ്ടെത്തൽ. എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ച മറ്റുകമ്പനികള്‍ ഏതൊക്കെയാണ്.
ഈ കമ്പനികൾക്ക് നികുതി ഇളവ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ. എംപവര്‍ ഇന്ത്യ കമ്പനിയില്‍ നിന്നും എക്സാലോജിക് സ്വീകരിച്ച വായ്പ സംബന്ധിച്ച കണക്കുകളില്‍ വ്യക്തതയില്ലെന്നും എംപവര്‍ ബാങ്ക് മുഖേന നല്‍കിയ വായ്പ മുഴുവനായി വീണയുടെ കമ്പനി അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വെളിപ്പെടുത്തലുണ്ട്. വായ്പയിലെ ഗണ്യമായ തുക എവിടെപ്പോയെന്നും സതീശൻ ചോദിച്ചു.
Leave a Reply