ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വന്തം നാട്ടിൽ നിന്ന് മനസ്സുനിറയെ സ്വപ്നങ്ങളുമായി അന്യനാട്ടിലേയ്ക്ക് കുടിയേറുക. മലയാളികളെ സംബന്ധിച്ചിടത്തോളം ഈ അനുഭവം പുത്തരിയല്ല. എന്നാൽ ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും അലട്ടുന്ന പല സ്ഥലങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റം മലയാളികളുടെ കുടിയേറ്റത്തിന് സമാനമല്ല. ജീവൻ കൈയ്യിൽ പിടിച്ചുള്ള രണ്ടും വിട്ട കളിയാണ്. കടുത്ത യാതനകളാണ് വഴിയിലുടനീളം കാത്തിരിക്കുന്നത്. ഇംഗ്ലീഷ് ചാനൽ കടന്ന് കുടിയേറ്റത്തിന് ശ്രമിച്ച് കൊല്ലപ്പെടുന്നവരുടെ വാർത്തകൾ ഏതൊരാളുടെയും കരളലിയിപ്പിക്കുന്നതാണ് .
ആഭ്യന്തര യുദ്ധവും അസ്ഥിരതയും നടമാടുന്ന സുഡാനിൽ നിന്ന് ജീവൻ കൈയ്യിൽ പിടിച്ച് ഒരു പെൺകുട്ടി നടത്തിയ അതിസാഹസികമായ യാത്രയാണ് ഇന്ന് മലയാളം യുകെ വായനക്കാരിൽ എത്തിക്കുന്നത്. ഇന്ന് അവൾ യുകെയുടെ ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലായ എൻഎച്ച്എസിൽ ഒരു നേഴ്സായി അഭിമാനപൂർവ്വം ജോലി ചെയ്യുകയാണ് എന്നതാണ് ഈ അനധികൃത കുടിയേറ്റത്തിന് വാർത്താപ്രാധാന്യം നൽകുന്നത്. ഒരു ലോറിയുടെ പുറകിലിരുന്നാണ് റിഷാൻ ബെലെറ്റ് എന്ന 17 വയസ്സുകാരി തൻ്റെ ജന്മനാടായ സുഡാനിൽ നിന്ന് 2016 -ൽ യുകെയിൽ എത്തിയത് . കഴിഞ്ഞവർഷമാണ് അവൾ ഒരു നേഴ്സായി യോഗ്യത നേടിയത്.
റിഷാൻ ഇപ്പോൾ ഈസ്റ്റ് കെൻ്റിൽ ജോലി ചെയ്യുകയാണ് . സൗത്ത് ഈസ്റ്റിലെ 50000 -ത്തിലധികം വരുന്ന എൻഎച്ച്എസ് ജീവനക്കാരിൽ ഒരാളാണ് റിഷാൻ ബെലെറ്റ് ഇപ്പോൾ. കെൻ്റ് സസെക്സിലും സറേയിലുമായി ഏകദേശം 25% എൻഎച്ച്എസ് സ്റ്റാഫുകൾ വിദേശത്തുനിന്നുള്ളവരാണ്. സുഡാനിൽ നിന്ന് എത്തിയ തനിക്ക് യുകെയിലെ ഭാഷയും സംസ്കാരവും പൊരുത്തപ്പെടാൻ ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടായിരുന്നു എന്ന് അവൾ പറഞ്ഞു. നിയമ വിരുദ്ധമായ യുകെയിൽ എത്തിയെങ്കിലും എൻ എച്ച് എസിൻ്റെ ഭാഗമായി നേഴ്സ് ആയി ജോലി ചെയ്യുന്ന റിഷാൻ ബെലെറ്റിൻ്റേത് ഒരു അപൂർവ്വ അതിജീവനത്തിന്റെ കഥയാണ് . ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്റെ മാതൃ രാജ്യമായ സുഡാൻ വിട്ട് ലിബിയ, മെഡിറ്റേറിയൻ കടലിലൂടെയും യാത്രചെയ്താണ് റിഷാൻ യുകെയിൽ എത്തിയത്.
Leave a Reply