ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോൾ ഭാഗിക സ്വാതന്ത്ര്യം മാത്രമേ ഉള്ളൂ എന്ന വിവാദ പരാമർശവുമായി അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം ഹൗസ് റിപ്പോർട്ട് പുറത്തുവിട്ടു . ഇന്ത്യയുടെ സ്റ്റാറ്റസ് ഫ്രീ കൺട്രിക്ക് പകരം പാർഷ്യലി ഫ്രീ എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് . ആഗോള രാഷ്ട്രീയ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച വാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശം ഉൾപ്പെടുത്തിയിരിക്കുന്നത്. 2014 – ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിനുശേഷം ഇന്ത്യയിൽ പൗരസ്വാതന്ത്ര്യം കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിപ്പോർട്ടിലെ പരാമർശങ്ങളെ കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണ് ഫ്രീഡം ഹൗസ്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ പതനം ലോക ജനാധിപത്യ നിലവാരത്തെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉൾപ്പെടെയുള്ള സമരങ്ങളെ അടിച്ചമർത്തിയത് ഇന്ത്യയുടെ റേറ്റിംഗിൽ ഇടിവ് വരുവാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കർഷകസമരത്തോട് ഇന്ത്യൻ ഗവൺമെൻറ് സ്വീകരിച്ച സമീപനവും ആഗോളതലത്തിൽ വൻ ചർച്ചയായിരുന്നു. കോവിഡ് – 19 പ്രതിരോധത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിലെ പൗരാവകാശത്തെ കൂടുതൽ വഷളാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ലോക്ക് ഡൗൺ മൂലം ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങി പോയിരുന്നു . പലർക്കും നൂറുകണക്കിന് മൈലുകൾ സ്വദേശത്തേക്ക് എത്താനായി നടക്കേണ്ടതായി വന്നു. ഇതിന്റെ ഫലമായി പലരുടെയും ജീവൻ നഷ്ടമായത് ആഗോളതലത്തിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.