കാരൂർ സോമൻ

ജൂലിയസ് സീസറുടെ മുമ്പിൽ തിളങ്ങുന്ന ഒരു പേർഷ്യൻ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളിൽ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തിൽ ചുരുൾ നിവർന്ന പട്ടു തിരശ്ശീലയ്ക്കുള്ളിൽ നിന്ന് ഒരു സ്വർഗ്ഗീയ സൗന്ദര്യം സീസറുടെ കാലടികളിലേക്ക് ഇഴഞ്ഞു വീണു. അവൾ പറഞ്ഞു “ക്ലിയോപാട്ര, ഈജിപ്തിലെ മഹാറാണി. എന്റെ സർവ്വസ്വവും മഹാനായ
അങ്ങയുടെ പാദങ്ങളിൽ അടിയറ വയ്ക്കുന്നു.” ക്ലിയോപാട്രയ്ക്ക് അന്ന് ഇരുപത്തിയൊന്ന് വയസ് കഷ്ടിച്ചു തികഞ്ഞിട്ടേയുള്ളൂ. സീസർക്കാകട്ടെ അമ്പത്തിരണ്ടും. അതൊരു തുടക്കമായിരുന്നു…ക്ലിയോപാട്ര ചരിത്രത്തിലേക്ക് എഴുതിച്ചേർത്ത മറ്റൊരു വിജയത്തിന്റെ തുടക്കം.

മധ്യവയ്കനായ സീസർ അവളുടെ ലാവണ്യഭംഗിയിൽ ഒരഗ്നിശലഭംപോലെ പതിച്ചു. ആ നിമിഷം മുതൽ അദ്ദേഹം അവളുടെ അടിമയായി. അപ്രതീക്ഷിതമായി വീണുകിട്ടിയ സൗഭാഗ്യം ആവോളം മുതലാക്കാൻ സീസർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ക്ലിയോപാട്ര തിരിച്ചും. ഏകഛത്രാധിപനായ സീസർ കരുത്തുള്ളവനാണെന്ന് ക്ലിയോപാട്രയ്ക്ക് തോന്നി. നഷ്ടപ്പെട്ടുപോയ പ്രതാപശ്യര്യങ്ങളെ വീണ്ടെടുക്കാനുള്ള മാർഗ്ഗം അവൾ സീസറിൽ കണ്ടെത്തി.

ആരെയും വശീകരിക്കുന്ന സൗന്ദര്യം മാത്രമല്ല അതിബുദ്ധിയും തന്ത്രകുതന്ത്രങ്ങളും, ഭരണനൈപുണ്യവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം.. വർഷങ്ങൾക്കിപ്പുറവും ക്ലിയോപാട്രയെ വ്യത്യസ്തയാക്കുന്നത് അതെല്ലാമാണ്..സീസറെയും മാർക് ആന്റണിയെയും പോലുള്ള പോരാളികളെ കീഴടക്കിയ സുന്ദരി. ലഭിക്കുന്ന സന്ദർഭങ്ങൾ തന്ത്രപരമായും പ്രചോദനാത്മകമായും എങ്ങനെ
വിനിയോഗിക്കണമെന്ന് അവൾക്ക് നന്നായിട്ടറിയാമായിരുന്നു. ക്ലിയോപാട്രയുടെ
അന്യാദൃശ്യമായ ഈ ഗുണഗണങ്ങളാണ് ‘ഈജിപ്തിലെ ഏറ്റവും വിജയശ്രീലാളിതയായഭരണാധികാരി’യെന്ന് രേഖപ്പെടുത്താൻ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചത്. അലക്സാണ്ടറുടെമരണത്തിനുശേഷം ബി.സി. 31ൽ റോമിനോട് ചേരുന്നതിനിടയിൽ ഈജിപ്ത് ഭരിച്ച മാസിഡോണിയൻ ഭരണവംശത്തിലെ അവസാനത്തെ ചക്രവർത്തിനി ആയിരുന്നു ക്ലിയോപാട്ര.

ക്ലിയോപാട്രയെക്കുറിച്ചുള്ള ചിത്രകഥകളും പൗരാണികകഥകളും നിരവധിയാണ്. തന്റെ കാലഘട്ടത്തിലെ രാജകുമാരന്മാരുടെയും ചെറുപ്പക്കാരുടെയും ഉറക്കം കെടുത്തിയിരുന്ന ക്ലിയോപാട്ര ഒരു വിശ്വമോഹിനി ആയിരുന്നു. അനുഗൃഹീതമായ ലാവണ്യം സ്വന്തം അഭീഷ്ടത്തിനൊത്ത് എങ്ങിനെ വിനിയോഗിക്കണമെന്ന് അവൾക്കു നന്നായിട്ടറിയാമായിരുന്നു. ജീവിതസുഖങ്ങൾക്കും രാഷ്ട്രീയനേട്ടങ്ങൾക്കും കനകോടീരമായി തിളങ്ങി നിന്ന സർപ്പസൗന്ദര്യം മരണം വരെ അവളെ വലയം ചെയ്തിരുന്നു. ജീവിതത്തെ, എല്ലാ വർണ്ണവൈവിധ്യങ്ങളോടും ദർശിക്കാൻ
കഴിഞ്ഞിരുന്ന ക്ലിയോപാട്ര ഒരു ചതുരംഗക്കളമായി കരുതി അതിവിദഗ്ദമായി കരുക്കൾ നീക്കി. ഭൂരിഭാഗം നീക്കങ്ങളിലും അവൾ വിജയിച്ചുവെന്നത് ചരിത്രസത്യമാണെങ്കിലും അപ്രതീക്ഷിതമായ ഘട്ടത്തിൽ അടിയറവ് പറയേണ്ടി വന്നു.

മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ കമാന്റർ-ഇൻ-ചീഫായിരുന്ന ടോളമിയുടെ കുടുംബത്തിൽ ബി.സി. 69-ൽ ആയിരുന്നു ക്ലിയോപാട്രയുടെ ജനനം. ജനനം മുതൽ തന്നെ സുന്ദരിയായിരുന്ന ക്ലിയോപാട്രയുടെ അംഗലാവണ്യം വർണ്ണിക്കുമ്പോൾ ചിത്രകാരനായ പ്ലൂട്ടാർക്കിന്റെ തൂലികയിൽ വീഞ്ഞിന്റെ ലഹരി നുരയുന്നതു കാണുക. സുന്ദരിയെന്നതിലുപരി ജീവൻ തുടിക്കുന്ന കവിൾത്തടം, പരിമൃദുലമായ ചുണ്ടുകൾ, ഔദ്ധത്യം വിളംബരം ചെയ്യുന്ന താടി, മദജലം കിനിഞ്ഞിളകിത്തുടിക്കുന്ന കണ്ണുകൾ, വിശാലമായ നെറ്റി, ഉയർന്നുത്തേജിമായി നില്ക്കുന്ന മൂക്ക്, അനവധി ഇഴകൾ പാകിയ ഏതോ സംഗീത ഉപകരണത്തിൽ നിന്നും പുറപ്പെടുന്നതു പോലെയുള്ള മാന്ത്രിക മധുസ്വരം” ഇതിലധികം എന്തുവേണം?

ചക്രവർത്തിയായ ടോളമി പന്ത്രണ്ടാമന്റെ രണ്ടാമത്തെ മകളായ ക്ലിയോപാട്ര ജന്മം കൊണ്ടു മാസിഡോണിയക്കാരിയാണ്. ഈജിപ്ഷ്യൻ രക്തം തൊട്ടുതീണ്ടിയിട്ടുപോലുമില്ല. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജകുടുംബത്തിന് സ്വന്തം ഭാഷയിലും സംസ്കാരത്തിലും ഒരു താല്പര്യവുമില്ലായിരുന്നു. മറിച്ച് ഗ്രീക്കു സംസ്കാരത്തിന്റെ പിടിയിലാണമർന്നത്. പക്ഷേ എന്തോ ചില ലക്ഷ്യങ്ങൾ വച്ചുകൊണ്ടെന്നവണ്ണം ക്ലിയോപാട്ര ഈജിപ്ഷ്യൻ ഉൾപ്പടെ നിരവധി ഭാഷകൾ വളരെവേഗം കാര്യക്ഷമതയോടെ വശപ്പെടുത്തി. ചില രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് സൂര്യദേവന്റെ പുത്രിയാണെന്ന് അവൾ സ്വയം കരുതിയിരുന്നു.

ബി.സി. 51-ൽ ടോളമി പന്ത്രണ്ടാമൻ മരിച്ചപ്പോൾ രാജാധികാരം ടോളമി പതിമൂന്നാമന്റെകൈവശമെത്തി. ആചാരമനുസരിച്ച് ക്ലിയോപാട്രയ്ക്ക് സ്വസഹോദരന്റെ ഭാര്യയായി പട്ടമഹർഷി സ്ഥാനം അലങ്കരിക്കേണ്ടി വന്നു. കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ക്ലിയോപാട്രയും ഭർത്താവും നല്ല രസത്തിലല്ലാതായി മാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങൾ
ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമൻക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമിൽ ജൂലിയസ് സീസർ തന്റെ മകളായ ജൂലിയയുടെ ഭർത്താവ് പോമ്പിയുമായി അൽപ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘർഷമായി പരിണമിച്ചു. നിൽക്കക്കള്ളിയില്ലാതെ ഗ്രീസിൽ നിന്നും ഒളിച്ചോടി അലക്സാണ്ട്രിയയിൽ അഭയം തേടിയ പോമ്പിയെ ചക്രവർത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭർത്താവായ ടോളമി പതിമൂന്നാമൻ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നിൽ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാൽ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭർത്താവിനെ വധിച്ചതിൽ സീസർ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. ആഭ്യന്തരകലഹം പൊട്ടിപ്പുറപ്പെട്ടു. ഭർത്താവിനെ ക്ലിയോപാട്ര വകവരുത്തിയെന്നാണ് കേൾവി. തുടർന്നു ടോളമി പതിനാലാമനെ സ്വീകരിച്ചു. ഒരു ഭാര്യയെന്ന നിലയിൽ, സ്വന്തം സഹോദരൻമാരായ ഭർത്താക്കന്മാരോട് പൂർണ്ണമായി സഹകരിക്കാൻ ക്ലിയോപാട്രയ്ക്കു കഴിഞ്ഞിരുന്നില്ലെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മാത്രമല്ല പന്ത്രണ്ടാമത്തെ വയസിൽ തന്നെ അവൾക്കു കന്യകാത്വവും നഷ്ടപ്പെട്ടിരുന്നു.

സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തിൽ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസർ കഴിച്ചുകൂട്ടി. ആ ബന്ധത്തിൽ അവർക്ക് സീസേറിയൻ (ലിറ്റിൽസീസർ) എന്ന പേരിൽ ഒരു പുത്രൻ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായിആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമൻ അധികാരമേറ്റു. സീസറിനു തന്നിൽ ജനിച്ച കുഞ്ഞിനെ റോമാ സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. ക്ലിയോപാട്രയോടുള്ള പ്രേമാധിക്യത്തിന്റെ പാരിതോഷികമായി റോമിലെ പ്രണയ ദേവതുടെ ആരാധനാലയത്തിൽ ക്ലിയോപാട്രയുടെ പ്രതിമ സ്ഥാപിക്കാൻ സീസർ ആജ്ഞാപിച്ചു. അങ്ങനെ ക്ലിയോപാട്രയ്ക്ക് സീസറുടെ കുടുംബഭരദേവതയായ വീനസിന്റെ സ്ഥാനം ലഭിച്ചു. ക്ലിയോപാട്രയിൽ തനിക്കു പിറക്കുന്ന സന്താനം റോമാസാമ്രജ്യത്തിൽ ചക്രവർത്തിപദം അലങ്കരിക്കുമെന്ന് സീസർ പ്രതിജ്ഞ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീസറുടെ അപ്രതീക്ഷിതമായ വധത്തിൽ ക്ലിയോപാട്രയുടെ ആകാശകൊട്ടാരങ്ങളെല്ലാം
നിലംപൊത്തി. അധികം താമസിക്കാതെ സിസേറിയനും വധിക്കപ്പെട്ടു. തുടർന്ന് ക്ലിയോപാട്ര ഈജിപ്തിലേക്ക് മടങ്ങിപ്പോയി. റോമിലാകട്ടെ, ഇതിനിടയ്ക്ക് ഒരു പുതിയ ഭരണാധികാരി ഉദയം ചെയ്തു കഴിഞ്ഞിരുന്നു. മാർക്ക് ആന്റണി. പിന്നെ ഒട്ടും താമസിച്ചില്ല. മാർക്ക് ആന്റണിയെ വലയിൽ വീഴ്ത്താൻ ക്ലിയോപാട്ര റോമിലേക്ക് പോയി. മാത്രമല്ല പൊതുവേദിയിൽ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവൾ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നൽകി കൊലപ്പെടുത്തി. ബി സി 44 ൽ പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാൽ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാർക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവർ കൊലപ്പെടുത്തി. തുടർന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാർക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാർക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയസാഹചര്യങ്ങളിൽ മാർക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താൽ മാർക്ക് ആന്റണിയെ കീഴ്പ്പെടുത്തുകയും ചെയ്തു. റോമിൽ നിന്നും ഇൗജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാർക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തിൽ അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു.

ഗ്രീക്കുചരിത്രകാരന്മാർ ക്ലിയോപാട്രയ്ക്ക് നല്കിയിരുന്ന വിശേഷണം ‘ങലൃശീരവമില’ ലൈംഗികമായി ഭോഗിച്ച് വലിച്ചെറിഞ്ഞു നശിപ്പിച്ചവൾ എന്ന് ഏകദേശം അർത്ഥം. അതേ ശരിയായ അർത്ഥത്തിൽ അവൾ പുരുഷന്മാരെ തിന്നു മുടിക്കുകയായിരുന്നു. ഒരൊറ്റനോട്ടം കൊണ്ട് ഏതൊരു പുരുഷനും തന്റെ അടിമയാക്കി അധഃപതിക്കുവാൻ അവൾക്കു കഴിഞ്ഞിരുന്നു. വശ്യസുന്ദരി എന്നത് നേര്. പക്ഷേ വഴിപിഴച്ചവളുമായിരുന്നു. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന കാമകേളീ മഹോത്സവങ്ങൾക്ക് അവൾ നേതൃത്വം നല്കി. മതിമറന്ന ലൈംഗിക സുഖമദിരാപാനലഹരിയിൽ സദാചാരം പാതളത്തിലേക്ക് കൂപ്പുകുത്തി. കാമമോഹിതർക്കു ഒരു ഹാളിൽ ഒത്തുചേർന്ന് പരസ്യമായി വാത്സ്യായനമാടിത്തകർക്കാൻ ക്ലിയോപാട്ര പ്രോത്സാഹനം നല്കിയിരുന്നുപോലും. ദുർദാന്തമായ തന്റെ ലൈംഗികാദാഹച്ചുഴിയിൽ വലിച്ചടുപ്പിച്ച് ചവച്ചു തുപ്പാതെ അന്തഃപുരത്തിലെ ഒരു കാര്യസ്ഥനേയും അവൾ വെറുതെവിട്ടിരുന്നില്ല.

ചരിത്രകാരന്മാരെല്ലാം സ്ഥിരീകരിക്കുന്ന ഒരു സംഗതിയുണ്ട്. ടാർസസ് നഗരത്തിലേക്ക്
ക്ലിയോപാട്ര പോയപ്പോൾ അവളുടെ നാവികവ്യൂഹം അമൂല്യരത്നങ്ങൾകൊണ്ട് മിന്നിത്തിളങ്ങി. യാനപാത്രത്തിന്റെ അമരത്തിൽ ഗ്രീസിലെ പ്രണയദേവതയെപ്പോലെ പ്രഭാവതിയായി ക്ലിയോപാട്രയുമുണ്ടായിരുന്നു.

ആന്റണി ക്രൂരവും ആഭാസജഡലവുമായ സംഗതികളിലാണ് താല്പര്യം കാണിച്ചിരുന്നത്. ക്ലിയോപാട്രയാകട്ടെ അശ്ലീലപ്രവൃത്തികളിൽ മതിയാവോളം നീന്തിത്തുടിക്കാനുള്ള ഒത്താശആന്റണിക്ക് ചെയതുകൊടുക്കുകയും ചെയ്തു. അവരിരുവരെയും ചുറ്റിപ്പറ്റി പുറത്തുപറയാൻ കൊള്ളാത്ത ഒരുപാടു കൊള്ളരുതായ്മകൾ ഉണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

ഇതിനിടയ്ക്ക് ആന്റണിയും ശേഷക്കാരനും തമ്മിലുള്ള അധികാര വടംവലികൾ പരകോടിയിലെത്തി. പരിക്ഷീണിതനായ ആന്റണി ഈജിപ്തിലേക്ക് പോയി. തദവസരത്തിൽ ക്ലിയോപാട്ര ആന്റണിയുടെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടർന്ന് ആന്റണി ഭാര്യയായ ഒക്ടോവിയയെ ഉപേക്ഷിച്ചു. ആന്റണി ഉപേക്ഷിച്ച ഭാര്യ ഫുൾവിയ, ആഗസ്തസ് സീസറിന്റെ സഹോദരിയായിരുന്നു. കുപിതനായ ആഗസ്തസ് ആന്റണിയുടെ സാമ്രാജ്യത്തെ ആക്രമിച്ചു. ആക്ടിയം നഗരത്തിന്റെ പ്രാന്തത്തിൽ വച്ചുണ്ടായ യുദ്ധത്തിൽ ആഗസ്തസ് ആന്റണിയെ തോല്പിച്ചു. പക്ഷേ അതിനു മുമ്പുതന്നെ ക്ലിയോപാട്രയുംകപ്പൽവ്യൂഹവും ഈജിപ്തിലേക്കുള്ള മടക്കയാത്ര ആരംഭിച്ചിരുന്നു. യുദ്ധത്തിൽ തോറ്റ് അപമാനിതനായെങ്കിലും ആന്റണി ക്ലിയോപാട്രയുടെ പിറകേ പോകുകയാണുണ്ടായത്. തുടർന്നുള്ള സംഭവപരമ്പരകൾ ദുരൂഹമാണ്.

ആന്റണി പിറകെ പോയെങ്കിലും ക്ലിയോപാട്ര കാണാൻ കൂട്ടാക്കിയില്ല. പകരം തന്റെ ആത്മഹത്യവാർത്ത അനുചരന്മാർ മുഖേന ആന്റണിയെ അറിയിച്ചു. ഈ കടുംകൈ ചെയ്തത് എന്തിനായിരുന്നുവെന്ന് ആർക്കും അറിയില്ല. ഇന്നും. പക്ഷേ യുദ്ധത്തിൽ തോറ്റ് പരിക്ഷീണിതനായ ആന്റണിക്ക് കാമുകിയുടെ മരണവാർത്ത താങ്ങാൻ കഴിഞ്ഞില്ല. അയാൾ സ്വയം കരവാളെടുത്ത് ചങ്ക് പിളർന്നു. മരിക്കുന്നതിന് മുമ്പ് ക്ലിയോപാട്രയുടെ അടുത്തെത്തിക്കാനും പറഞ്ഞു. അതനുസരിച്ച് അർദ്ധ മൃതപ്രാണനായ ആന്റണിയെ അനുചരന്മാർ ക്ലിയോപാട്രയുടെ അന്തഃപുരത്തിലെത്തിച്ചു. അവളുടെ മടിയിൽ തലവച്ചു കിടന്നുകൊണ്ട് തന്നെ വേദനയോടെ ആന്റണി അന്ത്യശ്വാസം വലിച്ചു.

പശ്ചാത്താപം ഗ്രസിച്ച ക്ലിയോപാട്രയും അല്പസമയത്തിനകം ആത്മഹത്യ ചെയ്തുവെന്നാണ് ചരിത്രകാരന്മാരിൽ ഒരുപക്ഷത്തിന്റെ അഭിപ്രായം. ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല
മാർക്ഷങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെൺകുട്ടികളിൽ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതിൽ നിന്നും എറ്റവും വേദനാരഹിതമായ മാർക്ഷം സ്വീകരിച്ചിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മൂർഖൻ ഇനത്തിൽ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാർക്ക് ഉൽപ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്സ്പിയർ തന്റെ നാടകത്തിൽ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.

മറുപക്ഷത്തിന്റെ വാദം ഇതാണ്: ആക്ടിയം യുദ്ധത്തിൽ തോറ്റ ആന്റണി മനംനൊന്ത് ആത്മഹത്യ ചെയ്തു. വിജയോത്മത്തനായ അഗസ്തസ് സീസറിനെ വലയിലാക്കാനുള്ള ക്ലിയോപാട്രയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയി. ഒടുവിൽ അഗസ്തസ് സീസറുടെ കിങ്കരന്മാർ ക്ലിയോപാട്രയെ അറസ്റ്റു ചെയ്തു. പരിപൂർണ്ണ നഗ്നയാക്കി റോമിലെ തെരുവിലൂടെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾ
നടത്തി. പക്ഷേ ബുദ്ധിമതിയായ ക്ലിയോപാട്രയെ പട്ടാളക്കാർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞില്ല. ആഭരണപ്പെട്ടിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സർപ്പരാജനെ അവൾ മാറോടണച്ചു. ആയിരക്കണക്കിന് പുരുഷന്മാരുടെ പൗരുഷം മുഴുവൻ നുകർന്നിട്ടും കാമം പത്തി താഴ്ത്താൻ മടികാണിച്ച ക്ലിയോപാട്രയുടെ സുന്ദരകളേബരം ക്ഷണനേരംകൊണ്ട് വീണടിഞ്ഞു.

ക്ലിയോപാട്രയുടെ അന്ത്യരംഗത്തെക്കുറിച്ച് പ്ലൂട്ടാർക്ക് പറയുന്നു. “അവർ പരമാവധി വേഗത്തിൽ കൊട്ടാരത്തിലെത്തി. വിശേഷിച്ചൊന്നും സംഭവിക്കാത്തതു പോലെ നില്ക്കുന്ന അംഗരക്ഷകൻമാരെക്കൊണ്ട് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത് സുവർണ്ണശയ്യയിൽ സർവ രാജകീയ വിഭൂഷകളുമണിഞ്ഞ് നിശ്ചലയായി കിടക്കുന്ന ക്ലിയോപാട്രയുടെ ശരീരമാണ്” ഇതു ശരിയാണെങ്കിൽ അഗസ്തസിനെ പ്രീണിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിക്കില്ലെന്ന് മനസ്സിലാക്കിയ ക്ലിയോപാട്ര ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം സന്ദേശവാഹകർ മുഖാന്തരം അദ്ദേഹത്തെ അറിയിച്ചു. ആന്റണിയുടെ ശവകുടീരത്തിനൊപ്പം തന്നെ തന്റെ കുഴിമാടവും ഒരുക്കണമെന്നും ക്ലിയോപാട്ര ആ സന്ദേശത്തിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ജീവനോടെ ക്ലിയോപാട്രയെ പിടികൂടാൻ അഗസ്തസ് ശ്രമിച്ചിരിക്കാം. ഒരുപക്ഷെ സംഭവിച്ചതിങ്ങനെയാകാം.
(കടപ്പാട് – ശ്രേഷ്ഠ പബ്ലിക്കേഷൻസ്)

കാരൂർ സോമൻ