ന്യൂസ് ഡെസ്ക് , മലയാളം യുകെ
പട്രീഷ്യ എന്ന അമേരിക്കക്കാരിയുടെ കാലിലെ മുറിവിന്റെ ചിത്രം ലോകമെമ്പാടും സോഷ്യൽ മീഡിയയിൽ വൈറലായി. കാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തായി പഴുപ്പും ചലവും പൊട്ടിയൊഴുകുന്ന രീതിയിലുള്ള ചിത്രമാണ് ലോകമെമ്പാടുമുള്ള കോവിഡ് വാക്സിൻ വോളണ്ടിയർമാർക്കും പൊതുജനത്തിനും ആശങ്കപരത്തി കൊണ്ട് വൈറലായത്. ടെക്സാസിൽ താമസിക്കുന്ന 30കാരിയായ പട്രീഷ്യ തന്റെ ഭർത്താവിനും കൈ കുഞ്ഞിനുമൊപ്പം ഒരു തണുത്ത വൈകുന്നേരം നടക്കാനിറങ്ങി തിരിച്ചെത്തിയപ്പോഴാണ് കാലിന്റെ വെള്ളയിൽ അസഹനീയമായ വേദന അനുഭവപ്പെട്ടത്. ഷൂസ് ഉരഞ്ഞു മുറിഞ്ഞതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദന കൂടുകയും കാൽവെള്ള പൊള്ളലേറ്റ പോലെ പൊങ്ങി വരികയും ചെയ്തു, ഉടൻതന്നെ അവിടെ ഒരു മുറിവായി പൊട്ടി ചലം ഒഴുകാൻ തുടങ്ങി. തന്റെ കുഞ്ഞിന്റെ നാപ്പിയാണ് മുറിവിന്റെ വലിപ്പം കാരണം പട്രീഷ്യ ഉപയോഗിച്ചത്. ഡോക്ടറെ സന്ദർശിച്ചപ്പോൾ ഏതോ മരുന്നിന്റെ സൈഡ് എഫക്ട് ആവാനാണ് സാധ്യത എന്ന് കണ്ടെത്തി.
കാലിൽ മുറിവ് പ്രത്യക്ഷപ്പെടുന്നതിന് അഞ്ചു ദിവസം മുൻപാണ് പട്രീഷ്യ രണ്ടാമത്തെ ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിൻ എടുത്തത്. മുറിവിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വന്നതിനാൽ, ബന്ധുവിനോട് സംസാരിച്ചു ‘ഗോ ഫണ്ട് മി’ എന്ന ചാരിറ്റി പേജിൽ മുറിവിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു. അമേരിക്കയിലെ ഭാരിച്ച ചികിത്സാ ചെലവും, കാലിലെ മുറിവു മൂലം ജോലിക്ക് പോകാൻ കഴിയാത്തതും കാരണമാണ് താൻ അങ്ങനെ ചെയ്തതെന്ന് പട്രീഷ്യ പിന്നീട് പറഞ്ഞു. “കോവിഡ് 19 വാക്സിൻ വോളണ്ടിയർ ആയ പട്രീഷ്യയുടെ ശരീരത്തിലുണ്ടായ മാരകമായ സൈഡ് എഫക്റ്റ്” എന്ന രീതിയിലാണ് ചിത്രങ്ങൾ വൈറലായത്. വാക്സിനുകളെ പറ്റിയും,കോവിഡ് 19 മഹാമാരിയെ പറ്റിയും, അമേരിക്കൻ ഇലക്ഷനെ പറ്റിയും വ്യാപകമായി വ്യാജ വാർത്തകൾ പടച്ചുവിടുന്ന ചില ഫെയ്സ്ബുക്ക് പേജുകളും, യുഎസിലെയും യുകെയിലേയും വാക്സിന് എതിരെ നിരന്തരമായി തർക്കിക്കുന്ന ചില ഏജൻസികളും സംഭവം ഏറ്റെടുത്തതിനെ തുടർന്ന് അധികൃതർക്ക് സംഭവം തലവേദനയായി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പട്രീഷ്യക്ക് നൽകിയത് യഥാർത്ഥ വാക്സിൻ അല്ലെന്നും, ചെറിയ ഡോസിലുള്ള സലൈൻ വാട്ടർ ആയിരുന്നുവെന്നും റിസർച്ച് അധികൃതർ വെളിപ്പെടുത്തി. പൊതുവേ വാക്സിൻ നൽകുന്ന വ്യക്തികളോട് വിവരങ്ങൾ വെളിപ്പെടുത്താറില്ല. എന്നാൽ പട്രീഷ്യയുടെ ആരോഗ്യനില ഇത്രയധികം വിവാദങ്ങൾക്ക് വഴിവെച്ചതിനാൽ നൽകിയത് വാക്സിൻ അല്ല എന്ന് അധികൃതർ വെളിപ്പെടുത്തുകയായിരുന്നു. സലൈൻ വാട്ടർ ശരീരത്തിൽ ഇത്തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാറില്ല എന്ന് ഡെർമറ്റോളജിസ്റ്റ് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ പട്രീഷ്യയുടെ രോഗകാരണം എന്താണെന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടെത്താനായിട്ടില്ല. അതേസമയം വാക്സിന്റെ പ്രതിപ്രവർത്തനം മൂലമല്ല പട്രീഷ്യക്കുണ്ടായ രോഗം എന്നത് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്കും വോളണ്ടിയർമാർക്കും നൽകിയ ആശ്വാസം ചെറുതല്ല.
Leave a Reply