ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെറ്ററിംഗിൽ മലയാളി നേഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ശ്വാസംമുട്ടിയാണ് അഞ്ജു അശോക് (35) മക്കളായ ജീവ സാജു (6), ജാൻവി സാജു (4) എന്നിവർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്. ലെസ്റ്ററിലെ റോയൽ ഇൻഫർമറിയിലാണ് പോസ്റ്റ്മോർട്ടം പരിശോധനകൾ നടന്നത്. ശ്വാസം മുട്ടിയാണ് മരണം എന്നാണ്  പോസ്റ്റുമോർട്ടം റിപ്പോർട്ടും പറയുന്നത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് അനുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മൂവരുടെയും കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് സാജുവിനെ (52) തിങ്കളാഴ്ച നോർത്താംപ്ടൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും . കൊല്ലപ്പെട്ട അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും കുടുംബത്തിന് പിന്തുണ നൽകുന്നതിനും നീതി ലഭിക്കുന്നതിനുമായി വേണ്ടതെല്ലാം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സീനിയർ ഡിക്ടറ്റീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ പ്രണയിച്ച് വിവാഹിതരായ സാജുവിന്റെയും അഞ്ജുവിന്റെയും ജീവിതത്തിൽ യുകെയിൽ വരുന്നതിനു മുമ്പ് തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നെന്ന വിവരങ്ങൾ പുറത്തുവന്നു. സൗദിയിൽ വച്ച് സാജുവിന്റെ ക്രൂരതകൾക്കും അഞ്ജുവിന് മർദ്ദിക്കുന്നതിനും താൻ സാക്ഷിയാകേണ്ടതായി വന്നുവന്ന് അഞ്‌ജുവിന്റെ രണ്ടാനമ്മ കൃഷ്ണമ്മ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ ഓർത്തോപീഡിക് വാർഡിലെ നേഴ്സായിട്ടായിരുന്നു അഞ്‌ജു ജോലി ചെയ്തിരുന്നത്. അഞ്ജുവിനേറ്റ ദുരന്തം കനത്ത ആഘാതമാണ് സഹപ്രവർത്തകരിലും സുഹൃത്തുക്കളിലും സൃഷ്ടിച്ചത്. തങ്ങളുടെ സഹപ്രവർത്തകയെ കുറിച്ച് ഒട്ടേറെ പേരാണ് അനുശോചന സന്ദേശങ്ങൾ കുറിച്ചത്. ഒട്ടേറെ പേർ അഞ്ജുവിന്റെ താമസസ്ഥലത്ത് എത്തി പൂക്കളും സന്ദേശങ്ങളും അർപ്പിച്ചു. അഞ്ജു ഏറ്റുവാങ്ങിയ ദുരന്തത്തിൽ സഹപ്രവർത്തകരുടെ വേദനയെക്കുറിച്ചും അവർ പങ്കുവെച്ച അനുസ്മരണ സന്ദേശങ്ങളെകുറിച്ചും ഡെയ്ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ ഒട്ടേറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.