The Priest: കുശാഗ്രബുദ്ധിയും അന്വേഷണത്വരയുമുള്ള ഒരു പുരോഹിതനാണ് ഫാദർ കാർമെൻ ബെനഡിക്ട്. നിഗൂഢതയുടെ ചുരുളഴിക്കലും സത്യം കണ്ടെത്തലും ഒരു തരത്തിൽ ദൈവവഴി തന്നെയാണെന്ന് വിശ്വസിക്കുന്ന ആൾ. ഇരുട്ടിന്റെ ഇടനാഴികളിൽ ഒളിഞ്ഞിരിക്കുന്ന സത്യത്തിലേക്ക് വെളിച്ചം തെളിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. അയാൾ തേടി ചെല്ലുന്ന കേസുകളെ പോലെ തന്നെ, അയാളെ തേടിയെത്തുന്ന നിഗൂഢതകളുമുണ്ട്. ഫാദർ ബെനഡിക്ടിനെ തേടിയെത്തിയ അത്തരമൊരു നിഗൂഢതയുടെ ചുരുളഴിക്കുകയാണ് ‘ദി പ്രീസ്റ്റ്’.
നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ ഒരു ഹൊറർ മിസ്റ്ററി ത്രില്ലറാണ്. പ്രശസ്തമായ ആലാട്ട് കുടുംബത്തിൽ പലപ്പോഴായി നടക്കുന്ന ആത്മഹത്യ പരമ്പരയുടെ യഥാർത്ഥ കാരണം കണ്ടെത്താനും സത്യം വെളിച്ചത്തു കൊണ്ടുവരാനുമായി എത്തുകയാണ് ഫാദർ കാർമെൻ ബെനഡിക്ട്. പല കേസുകളിലും ഫാദർ ബെനഡിക്ടിന്റെ സഹായം ഉപയോഗപ്പെടുത്തിയിട്ടുള്ള ഡിവൈഎസ് പി ശേഖറുമുണ്ട് കൂടെ.
ആ അന്വേഷണത്തിന് ഇടയിലാണ് അമേയ ഗബ്രിയേൽ എന്ന പതിനൊന്നുകാരിയെ ഫാദർ ബെനഡിക്ട് പരിചയപ്പെടുന്നത്. അസാധാരണ സ്വഭാവ സവിശേഷതകളുള്ള അമേയ, ഫാദറിനു മുന്നിൽ തുറന്നിടുന്നത് നിഗൂഢതയുടെ വലിയൊരു ലോകമാണ്. അമേയയ്ക്ക് പിന്നിലെ നിഗൂഢതകളുടെ ഉത്തരം തേടിയുള്ള ഫാദർ കാർമെൻ ബെനഡിക്ടിന്റെ യാത്രയാണ് ‘ദി പ്രീസ്റ്റ്.’
നോക്കിലും വാക്കിലും നടപ്പിലുമെല്ലാം വളരെ അനായാസമായി ഫാദർ ബെനഡിക്ട് ആയി മാറുന്ന മമ്മൂട്ടിയാണ് ‘പ്രീസ്റ്റി’ലെ ഷോ സ്റ്റീലർ. മമ്മൂട്ടി ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് ഫാദർ ബെനഡിക്ട്. മമ്മൂട്ടിയെന്ന അഭിനയപ്രതിഭയെ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പലവിധ പകർന്നാട്ടങ്ങളിൽ ശ്രദ്ധേയമായ, സമകാലിക സിനിമയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കയ്യടക്കത്തോടെ മമ്മൂട്ടി ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്ന്.
ഇപ്പോഴും ചാൻസ് ചോദിക്കാൻ തനിക്ക് മടിയില്ലെന്നും സിനിമകളോടും അഭിനയത്തോടുമുള്ള തന്റെ ‘ആർത്തി’ തന്നെയാണ് ഇപ്പോഴും തന്നെ ഡ്രൈവ് ചെയ്യുന്നതെന്നും അഭിമുഖങ്ങളിൽ തുറന്നു സംസാരിക്കാറുള്ള താരമാണ് മമ്മൂട്ടി. തനിക്ക് ചെയ്യാൻ, തന്നിൽ നിന്നും കണ്ടെടുക്കാൻ ഇനിയുമേറെ കഥാപാത്രങ്ങൾ ബാക്കിയുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ പരീക്ഷണങ്ങൾക്ക് മമ്മൂട്ടി എന്നും തയ്യാറാവുന്നു, പുതുമുഖ സംവിധായകർക്കു മുന്നിൽ വാതിലുകൾ തുറന്നിടുന്നു, അവർക്ക് പ്രോത്സാഹനമാവുന്നു…
ആഴത്തിൽ കുഴിക്കുന്തോറും അമൂല്യമായ രത്നങ്ങൾ കണ്ടെടുക്കാൻ ഇനിയും സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു രത്നഖനി പോലെ സംവിധായകരെയും കൊതിപ്പിക്കുന്നുണ്ട് മമ്മൂട്ടിയെന്ന പ്രതിഭ. ഖനിയിൽ നിന്നും അമൂല്യമായ രത്നങ്ങൾ കണ്ടെത്തേണ്ടത് സംവിധായകരുടെ ചുമതലയാണ്. ഇവിടെ ആ ചുമതലയും അവസരവും ഏറ്റവും ഫലപ്രദമായി തന്നെ വിനിയോഗിക്കുന്നുണ്ട് സംവിധായകൻ ജോഫിൻ.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായെത്തിയ ബേബി മോണിക്കയാണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരു താരം. അമേയ എന്ന കഥാപാത്രം ഈ കൊച്ചുമിടുക്കിയുടെ കയ്യിൽ ഭദ്രമാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും നേർക്കുനേർ വരുമ്പോൾ ആ പ്രതിഭകൾ മാറ്റുരയ്ക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ ഒട്ടും നിരാശരാക്കുന്നില്ല ഇരുവരും. നിഖില വിമലും ചിത്രത്തിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ഭീതി സമ്മാനിക്കുകയും ചെയ്യുന്ന ഏറെ കഥാമുഹൂർത്തങ്ങളും ട്വിസ്റ്റുകളും സസ്പെൻസും ചിത്രത്തിലുണ്ട്. ഇന്റർവെൽ സമ്മാനിക്കുന്ന പഞ്ച് ഒക്കെ വേറെ ലെവൽ എന്നേ പറയാനാവൂ. മേക്കിംഗിലെ മികവാണ് എടുത്തു പറയേണ്ട ഒന്ന്, സന്ദർഭോചിതമായ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകരും ചിത്രത്തിനൊപ്പം സഞ്ചരിച്ചു തുടങ്ങും. പതിയെ കഥ പറഞ്ഞുപോവുന്ന രണ്ടാം പകുതി ചിലയിടങ്ങളിൽ അൽപ്പം ഇഴച്ചിൽ തോന്നിപ്പിക്കുന്നുണ്ടെങ്കിലും മേക്കിംഗ് മികവ് അതിനെയെല്ലാം മറികടക്കുന്നുണ്ട്.
ഒരു മിസ്റ്ററി സ്വഭാവം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട് അഖിൽ ജോർജിന്റെ സിനിമോട്ടോഗ്രാഫി. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഭീതിയും ആകാംക്ഷയും സമ്മാനിക്കുന്ന പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നതും രാഹുൽ തന്നെ. ഇതിനകം തന്നെ വൈറലായി കഴിഞ്ഞ ‘നസ്രത്തിൻ നാട്ടിലെ’ എന്നു തുടങ്ങുന്ന ഗാനം തിയേറ്റർ സ്ക്രീനിൽ കാണുമ്പോഴുള്ള ഫീൽ മറ്റൊന്നാണ്.
കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം സ്പാനിഷ് ത്രില്ലറുകളോട് സമാനമായൊരു ദൃശ്യഭാഷ ജോഫിന്റെ ഈ പരീക്ഷണചിത്രത്തിൽ തെളിഞ്ഞുകാണാം. തുടക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ, കയ്യടക്കത്തോടെ തന്റെ ആദ്യചിത്രം അണിയിച്ചൊരുക്കിയ ജോഫിൻ പ്രേക്ഷകർക്കും പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ട്. തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട സിനിമയാണ് ‘പ്രീസ്റ്റ്,’ പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്ന് ഉറപ്പ്.
Leave a Reply