സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ലഘൂകരണം വെല്ലുവിളി ഉയർത്തുമെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചതിനെ തുടർന്ന് ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറാൻ ബോറിസ് ജോൺസൺ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇരുവശത്തും ഗുരുതരമായ അപകടസാധ്യതകളുള്ള ഒരു ഇടുങ്ങിയ പാതയിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നതെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് വിറ്റി തുറന്നു പറഞ്ഞു. മാർച്ചിനുശേഷം ഇന്ന് ആദ്യമായി റെസ്റ്റോറന്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ തുറക്കാൻ പോകുകയാണ്. നാം ഇതുവരെയും രോഗഭീതിയിൽ നിന്ന് പൂർണമായി രക്ഷപ്പെട്ടിട്ടില്ലെന്ന് ഇന്നലെ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ജോൺസൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് മൂലം വീണ്ടും അത് പടരാൻ കാരണമാകരുതെന്നും ജോൺസൻ അറിയിച്ചു.
ശനിയാഴ്ച രാവിലെ 6 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾക്ക് ഉപഭോക്താക്കളെ സേവിക്കാൻ കഴിയുമെന്ന് പ്രഖ്യാപിച്ചതോടെ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പബ്ബുകളിൽ ഏർപ്പെടുത്തിയ സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായാൽ അണുബാധകൾ വർദ്ധിക്കുമെന്ന് പോലീസും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകി. വൈറസ് നിയന്ത്രണവിധേയമാക്കാൻ രാജ്യം വലിയ മുന്നേറ്റം നടത്തിയെന്ന് ജോൺസൺ പറഞ്ഞു. തൊഴിൽ മേഖലകൾ പഴയത് പോലെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ട്. ലെസ്റ്ററിലെ രോഗവ്യാപനം അത് തെളിയിച്ചിട്ടുണ്ട്. രോഗം വ്യാപിച്ചാൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിന് സർക്കാർ മടിക്കില്ല.” പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
“സാമൂഹ്യ അകലം പാലിക്കൽ നിയമങ്ങൾ അനുസരിക്കണമെന്ന് പ്രൊഫ. ക്രിസ് വിറ്റി ജനങ്ങളോട് അഭ്യർത്ഥിച്ചു. “വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും അത് ഗൗരവമായി എടുക്കുന്നില്ലെങ്കിൽ രണ്ടാമത്തെ തരംഗത്തിന്റെ സാധ്യത കുത്തനെ ഉയരും.” അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഴ്ചകൾക്കുള്ളിൽ ജിമ്മുകൾ വീണ്ടും തുറക്കാമെന്ന് സൂചന നൽകിയ ജോൺസൺ, നമ്മൾക്ക് കഴിയുന്നത്ര വേഗത്തിൽ തിയേറ്ററുകൾ തുറക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇൻഡിപെൻഡന്റ് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി നടത്തിയ ഒരു സമ്മേളനത്തിൽ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ബിഹേവിയറൽ സയന്റിസ്റ്റ് പ്രൊഫസർ സൂസൻ മിച്ചി, വാരാന്ത്യത്തിൽ പബ്ബുകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. “പബ്ബുകളിൽ വലിയ ആശങ്ക ഉണ്ടാവും. ആളുകൾ കൂടുമ്പോൾ നിയന്ത്രണങ്ങൾ കുറയും.” അവർ അറിയിച്ചു. മദ്യപിച്ചതിന് ശേഷം സുരക്ഷാ നടപടികൾ സ്വീകരിക്കുവാൻ ജനങ്ങൾ തയ്യാറാകുമോ എന്നും അവർ ചോദിച്ചു.
Leave a Reply