സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ആദ്യമായി ബോറിസ് ജോൺസൺ പി‌എം‌ക്യുവിനായി ഹൗസ് ഓഫ് കോമൺസിൽ മടങ്ങിയെത്തി. ബ്രിട്ടനിലെ കോവിഡ് 19 മരണനിരക്ക് ഭയാനകമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. മരണസംഖ്യ 30000ത്തിലേക്ക് എത്തുമെന്നും ജോൺസൻ അറിയിച്ചു. ചോദ്യോത്തരവേളയിൽ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണെന്നും ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണെന്നും കീർ സ്റ്റാർമർ പറഞ്ഞു. കാരണം ബ്രിട്ടനിലെ ലോക്ക്ഡൗണും പരിശോധനകളും മന്ദഗതിയിൽ ആയിരുന്നെന്നും പിപിഇ ക്ഷാമം രൂക്ഷമായിരുണെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. ഈ അവസരത്തിൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യത്തിനല്ല മുതിരേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു . രോഗം ഭേദമായി കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയെങ്കിലും തന്റെ മകന്റെ ജനനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചത്തെ പി‌എം‌ക്യുവിൽ ജോൺസന് പകരം ഡൊമിനിക് റാബ് ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. കൊറോണ വൈറസ് പ്രതിസന്ധി ചർച്ച ചെയ്യുന്നതിനുമുമ്പ് സ്റ്റാർമർ, ജോൺസണെ ചേംബറിലേക്ക് സ്വാഗതം ചെയ്യുകയും മകന്റെ ജനനത്തിൽ അദ്ദേഹത്തെ ആശംസകൾ അറിയിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വൈറസ് പ്രതിരോധത്തിനായി മെയ് അവസാനത്തോടെ ഒരു ദിവസം 200,000 പരിശോധനകൾ നടത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിജ്ഞയെടുത്തു. സർക്കാർ പറഞ്ഞിരുന്ന ഒരു ലക്ഷം പരിശോധനകളിലേക്ക് വെള്ളിയാഴ്ച എത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങൾ അത് സാധിക്കാതെ പോയി. ഈ മാസം അവസാനത്തോടെ 200,000 ടെസ്റ്റുകൾ നടത്തുകയെന്നതാണ് തന്റെ ആഗ്രഹമെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ പറഞ്ഞു. ലോക്ക്ഡൗൺ നടപടികൾ സർക്കാർ വ്യാഴാഴ്ച അവലോകനം ചെയ്യുമെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നതിനാൽ സർക്കാരിന്റെ പദ്ധതികൾ പ്രഖ്യാപിക്കാൻ ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏതുവിധേനയും രണ്ടാം ഘട്ട വ്യാപനം തടയുമെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടാതെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

കെയർ ഹോമുകളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന സ്റ്റാർമറുടെ പ്രസ്താവനയെ ജോൺസൻ തള്ളിക്കളഞ്ഞു . “കെയർ ഹോമുകളിൽ രോഗം പടർന്നുപിടിക്കുന്നുണ്ട്. എന്നാൽ ആഴ്ചകളായി അതിനെ തടയാൻ സർക്കാർ ശ്രമിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകൾ ഇതിനായി പരിശ്രമിക്കുന്നുണ്ട്. ഈയടുത്ത ദിവസങ്ങളിൽ കെയർ ഹോമുകളിലെ സ്ഥിതിയിൽ വ്യക്തമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ” ; ജോൺസൻ മറുപടി നൽകി. പിപിഇ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയിൽ സർക്കാർ ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.