ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബന്ധുക്കളെയും യുകെയിലേയ്ക്ക് കൊണ്ടുവരാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കുന്ന ഇമിഗ്രേഷൻ നിയമങ്ങൾ സർക്കാർ അവലോകനം ചെയ്യാൻ ഒരുങ്ങുന്നു. രാജ്യത്ത് വിസ അനുവദിച്ച വിദേശ വിദ്യാർത്ഥികളുടെ ആശ്രിതരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ അഞ്ച് മടങ്ങ് വർദ്ധിച്ചതായി ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കുന്നു. 2019 ൽ 13,664 ആയിരുന്നെങ്കിൽ 2022 ജൂൺ വരെ അത് 81,089 ആയി ഉയർന്നു. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കാൻ സർവകലാശാലകൾ ഒരുങ്ങിക്കഴിഞ്ഞു. ഇതിനാൽ പഠനത്തിനായി എത്തുന്നവരുടെ ബന്ധുകൾക്കും ഇനി വേഗം യുകെയിൽ എത്താൻ കഴിയും. നൈജീരിയക്കാരും ഇന്ത്യക്കാരും ഏറ്റവും കൂടുതൽ ആശ്രിതരെ കൊണ്ടുവരുന്നത്.

34,000 നൈജീരിയൻ വിദ്യാർത്ഥികൾ 31,898 ബന്ധുക്കളെ കൊണ്ടുവന്നപ്പോൾ 93,100 ഇന്ത്യൻ വിദ്യാർത്ഥികൾ 24,916 പേരെ കൊണ്ടുവന്നു. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനുമായി വിസ സമ്പ്രദായം പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലാണ്. ചില പ്രധാന മേഖലകൾക്ക് കൂടുതൽ വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും. തൊഴിൽ വിസകളിലുടനീളം, ആശ്രിതരുടെ എണ്ണവും അനുപാതവും വർദ്ധിച്ചു.