കൊച്ചി : അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്. മറ്റു പ്രതികളുടെ ഫോണുകളിലേക്കു വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്‌ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു നമ്പറുകള്‍ അരിച്ചുപെറുക്കുന്നത്. എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണു ക്രൈംബ്രാഞ്ചിന്.
പ്രതികളുടെ ഭാര്യ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ ലിസ്‌റ്റും എടുത്തു വിളിക്കുന്നുണ്ട്. ഇവരൊക്കെ മുമ്പു വിളിച്ച പലരുടെയും നമ്പര്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. മറ്റുപലരുമാണു നമ്പറുകള്‍ ഉപയോഗിക്കുന്നത്. കാവ്യാ മാധവന്‍ വര്‍ഷങ്ങള്‍ മുമ്പു വിളിച്ച ഒരു നമ്പറിലേക്കു വിളിച്ചപ്പോള്‍ ചെന്നെത്തിയതു തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്കും.
പ്രതികളെ വിളിച്ചവരുമായുള്ള ബന്ധം, ജോലി, മറ്റു വ്യക്‌തിവിവരങ്ങളെല്ലാം പോലീസുകാര്‍ ചോദിച്ചറിയുന്നുണ്ട് . സംശയമുള്ളവരെ വിളിപ്പിച്ചു വിശദീകരണം തേടുന്നു. ആയിരക്കണക്കിനു നമ്പറുകളിലേക്കു തിരിച്ചു വിളിക്കുക ഏറെ ശ്രമകരമാണ്. ഇതുവരെ നിര്‍ണായകമായ തെളിവു ലഭിച്ചതായി പോലീസ് പറയുന്നുമില്ല. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടാകും ക്രൈംബ്രാഞ്ചിനു പ്രധാനമാകുക. റിപ്പോര്‍ട്ട് ഈയാഴ്‌ച മുദ്രവച്ച കവറില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറും.
കേസില്‍ സഹായിച്ചവരുമായി മൊബൈല്‍ആപ്പുകള്‍ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഫോണ്‍കാള്‍ ഇടപാടുകളില്‍ പലതും പ്രതികള്‍ തന്നെ റെക്കാഡ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്‌ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്. കൂറുമാറിയ 20 സാക്ഷികളെ പ്രതികള്‍ സാമ്പത്തികമായി സ്വാധീനിച്ചെന്നാണു സംശയം. ഫോണ്‍ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാല്‍ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണായകമാകും.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കേസില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്‌ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയിലാണു നടി കക്ഷിചേരുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്കു നിര്‍ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അനുകൂല നിലപാടുണ്ടാകില്ലെന്ന ആശങ്കയെ തുടര്‍ന്നാണ് അന്വേഷണം സംഘം തുടരന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണു ദിലീപിന്റെ വാദം.
Leave a Reply