ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒന്നര വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു അദേഹം.

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ് ജോൺ ലാൻഡൗ. ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനാകുന്നത്. സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌ട് ഹൗസിന് പിന്നിൽ പ്രവർത്തിച്ച വെറ്റ എഫ്എക്‌സ് കമ്പനി ജോൺ ലാൻഡൗവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ ജോൺ ലാൻഡൗയുടെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോൺ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആ​ഗോള ബോക്സോഫീസിൽ പത്ത് കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.

11 ഓസ്കാറുകളാണ് ജോൺ ലാൻഡൗക്ക് ലഭിച്ചത്. 2009 ൽ പുറത്തിറങ്ങിയ അവതാറും 2022 ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാ​ഗവും വലിയ ഹിറ്റായിരുന്നു. ആ​ഗോള ബോക്സോഫീസിലും ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.