സ്വന്തം ലേഖകൻ
ലണ്ടൻ : പ്രതിസന്ധികൾ നിറയുന്ന കൊറോണ കാലത്തു ജനങ്ങൾ ദൈവതുല്യം നോക്കി കാണുന്നവരാണ് എൻ എച്ച് എസ് ജീവനക്കാർ. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ് അവർ. ബ്രിട്ടനിലും കൊറോണവൈറസ് അതിതീവ്രമായി പടർന്നുപിടിക്കുന്ന സാഹചര്യമാണ്. ബ്രിട്ടന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ അനേകരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. അതിനാൽ തന്നെ രോഗം പിടിപെടാനുള്ള സാധ്യതയും ഏറി വരുന്നു. കോവിഡ് -19 പ്രതിസന്ധിയെ നേരിടാൻ മുന്നിട്ടിറങ്ങിയതിന്റെ ബഹുമാനാർത്ഥം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാർക്ക് യുകെയിൽ തുടരാൻ പി ആർ നൽകണമെന്ന് 60 ലധികം എംപിമാരുള്ള ക്രോസ്-പാർട്ടി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ലിബറൽ ഡെമോക്രാറ്റുകളുടെ ആഭ്യന്തര വക്താവ് ക്രിസ്റ്റിൻ ജാർഡിൻ, ഷാഡോ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ലമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള എംപിമാർ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് കത്തെഴുതി. സ്വന്തം ജീവന് വില നൽകാതെ മറ്റുള്ളവരെ രക്ഷിക്കാൻ പ്രയത്നിച്ചവർക്ക് രാജ്യത്ത് കഴിയാനുള്ള അവകാശം നൽകണമെന്ന് അവർ പറഞ്ഞു. ഒപ്പം എൻഎച്ച്എസിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ കുടുംബങ്ങൾക്ക് പി ആർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു .
“കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നത് വിദേശത്തു നിന്നുള്ളവരാണ്. അവർ ഇല്ലെങ്കിൽ നമ്മുക്ക് ഇതിനെ നേരിടാൻ കഴിയുമായിരുന്നില്ല. എൻഎച്ച്‌എസിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ തുടങ്ങിയവരുടെ സുരക്ഷ നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.” ; ജാർഡിൻ അഭിപ്രായപ്പെട്ടു. “ഈ രാജ്യത്തിനായി ആരെങ്കിലും തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ തയ്യാറാണെങ്കിൽ, അതിൽ താമസിക്കുവാനും അവരെ അനുവദിക്കണം.” ജാർഡിൻ കൂട്ടിച്ചേർത്തു. ഗ്രീൻ പാർട്ടി എംപി കരോലിൻ ലൂക്കാസ്, മുൻ ലിബറൽ ഡെമോക്രാറ്റ് നേതാവ് ടിം ഫറോൺ, മുൻ ലേബർ നേതൃത്വ മത്സരാർത്ഥി ജെസ് ഫിലിപ്സ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റ് എംപിമാർ . കൊറോണ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ നാല് ഡോക്ടർമാർ എല്ലാവരും വിദേശത്താണ് ജനിച്ചത്. വിദേശപൗരന്മാരെ എൻ എച്ച് എസ് എത്രമാത്രം ആശ്രയിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. ഡോ. ആൽഫ സാദു (68), അംഗെഡ് എൽ-ഹവ്‌റാനി (55), ആദിൽ എൽ തയാർ (64), ഡോ. ഹബീബ് സൈദി (76) എന്നിവർ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ജനിച്ചവരാണ്. പ്രധാനമായും ഒട്ടനവധി മലയാളി നഴ്സുമാർ എൻ എച്ച് എസിൽ ജോലി ചെയ്യുന്നുണ്ട്. ഈ രോഗത്തെ തുടച്ചുനീക്കാൻ അവരും അക്ഷീണം പരിശ്രമിക്കുകയാണ്.
ഹോം ഓഫീസ് വക്താവ് പറഞ്ഞു: “ഈ പ്രയാസകരമായ സമയത്ത് വിദേശ എൻഎച്ച്എസ് ജോലിക്കാർ നൽകുന്ന വലിയ സംഭാവനയെ ആദരിക്കുന്നു.” ഒക്ടോബർ 1നകം വിസ കാലഹരണപ്പെടുന്ന 2,800 വിദേശ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽസ്റ്റാഫുകൾ എന്നിവർക്ക് സൗജന്യമായി ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
Leave a Reply