ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

മെഴ്സിസൈഡിലെ എറ്റൺ ഡ്രൈവിൽ നിന്നുള്ള ഇയാൻ ട്രെയിനറാണ് നവംബർ 23ന് തടവിൽ ആയിരിക്കെ ആശുപത്രിയിൽവച്ച് മരണമടഞ്ഞത്. ഇതേ കുറ്റത്തിന് മുൻപും ട്രെയിനർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ട്രെയിനറിന് 2019 ൽ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ എഫ് എം പ്രവർത്തിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.സാധാരണ സംസാരിക്കുന്ന ശബ്ദത്തേക്കാൾ, അഥവാ 65 ഡെസിബലിനേക്കാൾ ഉച്ചത്തിൽ എഫ്‌ എം പ്രവർത്തിക്കരുത് എന്നായിരുന്നു വിലക്ക്.

കഴിഞ്ഞ ഫെബ്രുവരിയിൽ കുറച്ചു കാലയളവിലേക്ക് അറസ്റ്റിലായ ട്രെയിനർ, മോചിതനായശേഷം ഇതേ കുറ്റം ആവർത്തിക്കുകയും ഉടൻതന്നെ ജയിലിലേക്ക് മടങ്ങിവരികയുമായിരുന്നു.’ എച്ച് എം പി ലിവർപൂൾ തടവുകാരനായ ഇയാൻ ട്രെയിനർ’ മരണപ്പെട്ടതായി എം ഓ ജെ സ്ഥിതീകരിച്ചു. പ്രിസൺ ആൻഡ് പ്രൊബേഷൻ ഓംബുഡ്സ്മാന് ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ഫെബ്രുവരിയിൽ ലിവർപൂൾ മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ഹിയറിങ്ങിൽ ട്രെയിനറുടെ അയൽക്കാരനായ തോമസ് മൈക്കിൾ തോംസൺ വർഷങ്ങളായി താൻ അനുഭവിച്ചുവരുന്ന ശബ്ദ മലിനീകരണത്തെ പറ്റി കോടതിയെ ബോധിപ്പിച്ചു. 2019 ഡിസംബർ 17 ന് സമാനമായ പരാതിയിൽ പോലീസ് ഓഫീസർ ഇവരുടെ പുരയിടം സന്ദർശിച്ച് പരാതിക്ക് അടിസ്ഥാനം ഉണ്ടോ എന്ന് പരിശോധിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും അയൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ട്രെയിനറെ തടവിന് വിധിക്കുകയായിരുന്നു.

” എനിക്ക് പാട്ടുകേൾക്കാൻ ഇഷ്ടമാണ്, ഈ ശബ്ദത്തിൽ കേൾക്കാൻ ആണ് താല്പര്യം, അത് ഞാൻ ആസ്വദിക്കുന്നുണ്ട്” ട്രെയിനർ പറഞ്ഞ വാക്കുകളാണിത്. തീവ്രമായ ഒരു ജലദോഷ പനിയെതുടർന്ന് ട്രെയിനർക്ക് ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നു. പല ആരോഗ്യപ്രശ്നങ്ങളും മൂലം സ്റ്റിറോയ്ഡ് കലർന്ന മരുന്നുകൾ കഴിക്കുന്നത് കൊണ്ട് ഇയർ ഫോണുകൾ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. ട്രെയിനറുടെ മരണം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. യഥാർത്ഥ ക്രിമിനലുകളും കൊലയാളികളും നിരത്തുകളിലും നഗരങ്ങളിലും യഥേഷ്ടം വിഹരിക്കുമ്പോൾ പാട്ടു കേട്ടു എന്ന കുറ്റത്തിനാണ് ആ പാവം വയോധികനെ അറസ്റ്റ് ചെയ്തു കൊലപ്പെടുത്തിയത് ജെന്നിഫർ ടയിറൽ പറയുന്നു. അദ്ദേഹം ബധിരനായിരുന്നു എന്നതും, അദ്ദേഹത്തിന് മാനസികമായ പിന്തുണ ആവശ്യമുണ്ടായിരുന്നു എന്നതും കണക്കിലെടുക്കാതെ, അദ്ദേഹത്തിന്റെ പ്രായത്തെ പോലും മാനിക്കാതെയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. അത് ഹൃദയഭേദകമാണ്, ലിസ ഹോംസ് പറഞ്ഞു.

അതേസമയം അദ്ദേഹത്തിന് 83 വയസ്സുണ്ടായിരുന്നു എന്നത് നിയമം അനുസരിക്കാതിരിക്കാനുള്ള ന്യായീകരണം അല്ലെന്നും, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ഒരേകുറ്റം പലയാവർത്തി ചെയ്തതിലൂടെ പ്രതിയുടെ മാനസികാവസ്ഥ വ്യക്തമാവുന്നുണ്ട് എന്നും റയാൻ ഓ ഹാൻലോൺ പറഞ്ഞു.