ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 2012ൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച ഒരു കേസ് ആണ് മോഹൻദാസ് വധക്കേസ്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോമം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. പിന്നീട് കൊല്ലപ്പെട്ട മോഹൻദാസിന്റെ ബൈക്ക് ആളില്ലാതെ കണ്ടെയ്നർ റോഡിന്റെ അരികിൽ ഇരിക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ റോഡിന്റെ സമീപത്തുള്ള കുറ്റികാട്ടിൽ നിന്നുമാണ് മൃതുദേഹം കണ്ടെത്തുന്നത്.

നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തി. കേസിലെ തെളിവുകളും കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും കുറ്റം ചെയ്തത് പ്രതികൾ തന്നെയാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.പ്രതികൾക്ക് വേണ്ടി അഡ്വ. എം. വിവേക്,അഡ്വ.പി. എ. അയൂബ്ഖാൻ എന്നിവർ ഹാജരായി.