ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒരു രാത്രി ടെസ്റ്റുകൾക്കും മറ്റുമായുള്ള ആശുപത്രി വാസത്തിന് ശേഷം, താൻ കൂടുതൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുവാൻ ആഗ്രഹിക്കുന്നതായി എലിസബത്ത് രാജ്ഞി അറിയിച്ചതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. മുൻകരുതലുകൾക്ക് വേണ്ടിയുള്ള ടെസ്റ്റുകൾ മാത്രമായിരുന്നുവെന്നും, ലണ്ടനിലെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ രാജ്ഞി വിൻഡ്സർ കാസ്റ്റിലിൽ വി ശ്രമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന കോപ് 26 കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ രാജ കുടുംബത്തെ പ്രതിനിധീകരിച്ച് പോകുവാൻ എലിസബത്ത് രാജ്ഞി ആഗ്രഹിക്കുന്നതായും അവർ വ്യക്തമാക്കി. ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് 120 രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഈ ഉച്ചകോടി നടക്കുന്നത്. ആശുപത്രിയിൽ നിന്ന് വന്നുള്ള വിശ്രമത്തിൽ ആയതിനാൽ, വിൻഡ്സർ കാസ്റ്റിലിലെ ഓൾ സെയിന്റ്സ് ചാപ്പലിൽ വിശുദ്ധ ബലിക്ക് ഞായറാഴ്ച രാജ്ഞി പങ്കെടുത്തില്ല. രാജ്ഞി പൂർണ്ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നാണ് ബക്കിങ്ങ്ഹാം കൊട്ടാരം അധികൃതരും ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാഴ്ചകൾക്ക് മുൻപാണ് ആദ്യമായി രാജ്ഞി പൊതുസ്ഥലത്ത് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കുവാൻ ആരംഭിച്ചത്. നോർത്തേൺ അയർലൻഡിലേയ്ക്കുള്ള രണ്ട് ദിവസത്തെ യാത്രയും രാജ്ഞി ക്യാൻസൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു മണിക്കൂറോളം നീണ്ട പ്രമുഖർക്കായുള്ള റിസപ്ഷൻ ചടങ്ങിൽ പൂർണ്ണ സമയവും രാജ്ഞി ആരോഗ്യവതിയായി കാണപ്പെട്ടു. ഈ റിസപ്ഷനിൽ ക്ഷണിക്കപ്പെട്ടവരിൽ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. എന്നിരുന്നാൽ തന്നെയും രാജ്ഞിയുടെ ആരോഗ്യകാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാണിക്കുന്നുണ്ട്.