സ്വന്തം ലേഖകൻ
ലണ്ടൻ : തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിന് ശേഷം ജോലി സംരക്ഷിക്കുന്നതിനായി പുതിയ മാർഗ്ഗങ്ങൾ തേടുന്നത് തന്റെ പ്രധാന മുൻഗണന വിഷയം ആണെന്ന് ചാൻസലർ റിഷി സുനക്. ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ തൊഴിലില്ലായ്മ 3.1 ശതമാനത്തിൽ നിന്ന് 4.1 ശതമാനം ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നതിനാൽ നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലിലായ്മ വർധിക്കുമെന്ന ഭീതിയെത്തുടർന്ന് ഫർലോ സ്‌കീം ഒക്ടോബറിൽ അവസാനിപ്പിക്കരുതെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ അവസരങ്ങൾ കണ്ടെത്താൻ ആളുകളെ സഹായിക്കില്ലെന്ന് ചാൻസലർ ഊന്നിപ്പറഞ്ഞു. 96 ലക്ഷം തൊഴിലാളികളിൽ പകുതിയിലധികം പേരും ആഗസ്റ്റ് പകുതിയോടെ ജോലിയിൽ തിരിച്ചെത്തിയതായി സുനക് പറഞ്ഞു. “ആളുകൾ വീട്ടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല, അവർ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് ഞങ്ങളുടെ പദ്ധതി വളരെ പ്രധാനമായത്. കാരണം ഇത് ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകാൻ സഹായിക്കുന്നു.” സുനക് കൂട്ടിച്ചേർത്തു.
ബിസിനസിനായി സർക്കാർ നികുതി വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് പിന്തുണ ഉറപ്പാക്കിയതായും ഉദ്യോഗസ്ഥരെ ജോലിയിൽ തിരികെ കൊണ്ടുവരുന്ന സ്ഥാപനങ്ങൾക്ക് ജോബ് റീട്ടെൻഷൻ ബോണസ് ആരംഭിച്ചതായും ചാൻസലർ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് കൂടുതൽ പിന്തുണ സർക്കാർ ഉറപ്പാക്കുമെന്ന് ചൊവ്വാഴ്ച തൊഴിൽ മന്ത്രി മിംസ് ഡേവീസും അറിയിച്ചു. ഒക്ടോബർ 31 ന് ഫർലോ സ്കീം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ സ്ഥാപനങ്ങൾ ജീവനക്കാരെ ശമ്പളപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത് തുടരുകയാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 16 നും 24 നും ഇടയിൽ പ്രായമുള്ളവർക്കാണ് തൊഴിൽ നഷ്ടം കൂടുതൽ. മുൻ പാദത്തെ അപേക്ഷിച്ച് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളിൽ 156,000 ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് ഒഎൻഎസ് അറിയിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ജോലിഅവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കിക്ക്സ്റ്റാർട്ട് എന്ന പദ്ധതി സർക്കാർ ആരംഭിച്ചു.
ഫർലോ സ്‌കീം ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ പദ്ധതി പ്രകാരം ഒരു വ്യക്തിയുടെ വേതനത്തിന്റെ 80%, 2500 പൗണ്ട് വരെ പ്രതിമാസം സർക്കാർ നൽകി. സെപ്റ്റംബർ ആരംഭം മുതൽ ഇത് 70 % ആയി കുറഞ്ഞു. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹെയർഡ്രെസ്സർമാർ എന്നിവയുൾപ്പെടെയുള്ള ബിസിനസുകൾ വീണ്ടും വ്യാപാരം നടത്താൻ ആരംഭിച്ചതിനാൽ ജൂലൈയിൽ സമ്പദ്‌വ്യവസ്ഥ ഉയർന്നതായി സൂചനകൾ ലഭിച്ചെന്ന് ഒഎൻഎസ് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ തുടങ്ങിയ ദുർബല മേഖലകൾക്ക് പ്രധാന പിന്തുണ നൽകണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു.
Leave a Reply