പ്രാര്‍ഥനകള്‍ വിഫലമായി. തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ മരിച്ചു. പുലര്‍ച്ചെ പുറത്തെടുത്ത മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച കളിക്കുന്നതിനിടെയാണ് സുജിത്ത് നൂറടിയിലേറെ ആഴമുള്ള കുഴിയില്‍ വീണത്.
1990 കളില്‍ മലയാളിയെ കരയിപ്പിച്ച സൂപ്പര്‍ ഹിറ്റ് സിനിമ മാളൂട്ടിയിലെ രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ടുകാണുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയില്‍ ജനങ്ങള്‍.
സിനിമയിലേതു പോലെ സുജിത്തും കളിയും ചിരിയുമായി ജീവിതത്തിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ മാതാവ് കലൈമേരിയും അച്ഛന്‍ ബ്രിട്ടോയും കണ്ണിമ ചിമ്മാതെ കിണറിനരികല്‍ കഴിഞ്ഞതു അഞ്ചുദിവസം. ഇതിനിടയ്ക്ക് രാജ്യത്ത് ലഭ്യമായ സാങ്കേതികവിദ്യകളെല്ലാം സുജിത്തിനായി ഒരുക്കിയെങ്കിലും വിധി മാത്രം എതിരുനിന്നു. പെട്രോളിയം ഖനനത്തിനുള്ള റിഗുകള്‍ വരെ എത്തിച്ചെങ്കിലും ഭൂമിക്കടിയിലെ പാറയുടെ കാഠിന്യത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ കഴിഞ്ഞൊള്ളൂ. ഇതിനിടയ്ക്കാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത്. ഇതോടെ അവസാന പ്രതീക്ഷകളും ഇല്ലാതായി.
കുടുംബത്തെ മരണവിവിരം ബോധ്യപെടുത്തിയതിനുശേഷം ബലൂണ്‍ സാങ്കേതിക വിദ്യയുപയോഗിച്ചു കുഴല്‍കിണറിലൂടെ തന്നെ കുട്ടിയെ പുറത്തെടുത്തു. അഴുകി തുടങ്ങിയ മൃതദേഹം ഉടന്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. രാവിലെ ബന്ധുക്കള്‍ക്കു വിട്ടുനല്‍ികയ മൃതദേഹം നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തില്‍ പൊതുര്‍ ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
രണ്ട് വയസുകാരന്‍ സുജിത്തിന്റെ മരണത്തോടെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ഉയരുന്ന ചോദ്യമാണ് ചന്ദ്രനിലെത്താൻ സാങ്കേതികവിദ്യയുള്ള നാട്ടിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാങ്കേതികവിദ്യയില്ലേ എന്നത്. ഇതിന്റെ ഉത്തരം ഉണ്ട് എന്നാണെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ്. സുജിത്തിനെ രക്ഷിക്കാൻ വിദഗ്ധർ ഉപയോഗിച്ചത് നൂതനസാങ്കേതിക വിദ്യകൾ തന്നെയാണ്. എന്നാൽ ഇവയെല്ലാം പ്രായോഗിക തലത്തിൽ പരാജയമായിരുന്നു. മിഷൻ പരാജയമായതിന്റെ കാരണങ്ങൾ:
1. സുജിത്ത് വീണ കുഴൽക്കിണർ വർഷങ്ങൾക്ക് മുൻപ് കുഴിച്ചതാണ്. അത്തരമൊരു കിണറിനെക്കുറിച്ച് പരിസരവാസികൾ പോലും മറന്നിരുന്നു. കിണറിന് എത്ര അടി താഴ്ചയുണ്ട്, അവിടുത്തെ മണ്ണിന്റെ ഘടനയെന്താണ് തുടങ്ങിയ സാങ്കേതിക വശങ്ങൾ കണ്ടെത്താൻ പ്രാഥമിക തലത്തിൽ നേരിട്ട പ്രയാസം
2. നാലോളം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. വ്യത്യസ്തമായ റോബോട്ടിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചു. എന്നാൽ ഇവയെല്ലാം കുഞ്ഞിന്റെ അടുത്തേക്ക് എത്താൻ അപര്യാപ്തമായിരുന്നു. ശാസ്ത്രമേളകളിലും മറ്റും വിദ്യാർഥികളും ശസ്ത്രതൽപ്പരരും റോബോട്ടിക്ക് വിദ്യ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള വിദ്യകൾ അവതരിപ്പിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം പരീക്ഷിച്ചിരിക്കുന്നത് ഡമ്മിയിലാണ്.
ജീവനുള്ള മനുഷ്യരിൽ പ്രയോഗിച്ച് വിജയിച്ചവയല്ല ഇവയൊന്നും. പാവയിൽ പ്രയോഗിച്ച് വിജയിച്ച രീതി ജീവനുള്ള കുട്ടിയിൽ പരീക്ഷിക്കാൻ പരിമിതിയുണ്ട്. കുട്ടിയെ അപകടം കൂടാതെ പുറത്തെടുക്കാൻ സാധിക്കുമെന്ന് ഉറപ്പ് ഈ സാങ്കേതിക വിദ്യയ്ക്ക് നൽകാനാകില്ല. അതുകൊണ്ടാണ് നൂതന സാങ്കേതികവിദ്യകൾ ഉപേക്ഷിച്ച് പരമ്പരാഗത രീതി സ്വീകരിച്ചത്. റോക്കറ്റ് വിക്ഷേപിക്കുന്നതിനേക്കാൾ പ്രായോഗികമായി ബുദ്ധിമുട്ടാണ് ഇന്ത്യയിൽ കുഴൽക്കിണറിൽ വീണ ഒരു കുട്ടിയെ രക്ഷപെടുത്തൽ.
3. ജിയോളജി വകുപ്പിൽ നിന്നുമുള്ള വിദഗ്ധർ ഞായറാഴ്ച വൈകുന്നേരം മാത്രമാണ് വന്നത്. 60 അടി താഴ്ചയിൽ പാറകെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു. ഭൗമശാസ്ത്ര വിദഗ്ധർ എത്തിയാൽ മാത്രമേ മണ്ണിന്റെ ഘടന തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ. അവരുടെ വൈകിയെത്തിയ വരവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
4. ഭരണകൂടത്തിന്റെ അനാസ്ഥ. ചെന്നൈ നഗരത്തിൽ കുഴൽക്കിണറിന്റെ ആഴത്തിന് നിശ്ചിത പരിധിയുണ്ട്. ഇത്ര ആഴം കഴിഞ്ഞാൻ കുഴിയെടുക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. വെള്ളം ലഭിച്ചില്ലെങ്കിൽ കുഴി മൂടണമെന്ന കർശനനിർദേശമുണ്ട്. എന്നാൽ ഗ്രാമങ്ങളിലെ അവസ്ഥ അത് അല്ല. ഉപയോഗശൂന്യമായ കിണർ മൂടണമെന്ന് ഗ്രാമീണർക്ക് ബോധവത്കരണം നൽകണമെന്ന് സംസ്ഥാന സർക്കാർ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത് തലത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ടില്ല. ഗ്രാമീണർ കുഴി കല്ലിട്ട് മൂടട്ടേയെന്ന് പഞ്ചായത്ത് അധികാരികളും, ഇതെല്ലാം പഞ്ചായത്തിന്റെ കടമയാണെന്ന് ഗ്രാമീണരും വാദിച്ചതോടെ പല കുഴൽക്കിണറുകളും അപകടകരമായ അവസ്ഥയിൽ തന്നെ നിലകൊണ്ടു. 2018ൽ കുഴൽക്കിണറുകൾ മൂടണമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇപ്പോഴും പലതും മൂടിയിട്ടില്ല എന്നതിന്റെ തെളിവാണ് ഈ അപകടം.
Leave a Reply