അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിനിടെ ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്‍ ഓടിച്ചിരുന്ന ലോറിയുടേതുതന്നെ ആണെന്നാണ് ലോറി ഉടമ മനാഫ് വ്യക്തമാക്കുന്നത്. ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുഴയിലിറങ്ങി പരിശോധന ആരംഭിച്ചത്.

രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയതിന് ശേഷം സംഘം ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് അനുകൂലമായ സാഹചര്യമായതിനാൽ നാളെ വിപുലമായ പരിശോധന നടത്തും.

കരയോട് തൊട്ടടുത്ത ഭാ​ഗത്ത് നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ, നാവികസേനയ്ക്കു പകരം ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്. ബോട്ട് പുഴയിലിറക്കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികളും സംഘത്തിലുണ്ട്. അർജുന്റെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ ഭരണകൂടം വേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നാണ് കരുതുന്നത്. പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ട്. വെള്ളവും കുറഞ്ഞിട്ടുണ്ട്. ഈ അനുകൂല കാലാവസ്ഥയില്‍ തിരച്ചില്‍ നടത്തിയാല്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പുഴയിലെ ഒഴുക്ക് രണ്ട് നോട്സ് ആയി കുറഞ്ഞിട്ടുണ്ട്. തിരച്ചിൽ ബുധനാഴ്ച പുനഃരാരംഭിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മുമ്പ് വ്യക്തമാക്കിയിരുന്നു. നാവികസേനയ്ക്കും കേരളത്തിനുമെതിരെ എംഎൽഎ വിമർശനമുന്നയിക്കുകയും ചെയ്തു.

പുഴയിലിറങ്ങാൻ നാവികസേനയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ലേയെന്ന ചോദ്യത്തിന്, നാവികസേന എന്താണ് ചെയ്തതെന്ന് എംഎൽഎ ചോദിച്ചു. അടിയൊഴുക്ക് കൂടുതലാണെന്നതിന്‍റെ പേരിൽ അവർ ഇറങ്ങാൻ തയാറാകാതിരുന്നപ്പോൾ തങ്ങളേർപ്പെടുത്തിയ ആളുകളല്ലേ പുഴയിലിറങ്ങിയതെന്നും എംഎൽഎ ചോദിച്ചു. കേരളത്തിൽനിന്ന് ഡ്രഡ്ജർ എത്തിക്കാത്തതും എംഎൽഎ ചോദ്യം ചെയ്തു. രക്ഷാപ്രവർത്തനത്തിന് കേരളം സഹകരിക്കുന്നില്ലെന്നും മുൻകൂട്ടി പണം നൽകാമെന്ന് പറഞ്ഞിട്ടും കേരളം ഡ്രഡ്ജിങ് മെഷിൻ നൽകിയില്ലെന്നും എംഎൽഎ പറഞ്ഞു.

അതേസമയം, കാലവസ്ഥ അനുകൂലമായിട്ടും തിരച്ചിൽ മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് എകെ അഷ്റഫ് എംഎൽഎയും കുറ്റപ്പെടുത്തിയിരുന്നു. തിരച്ചിൽ നടത്തില്ലെന്ന് പറഞ്ഞിട്ടില്ലെങ്കിലും നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ പുനഃരാരംഭിക്കേണ്ടതായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.