കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.

എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.

ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം.

എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ. രാജന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.